കൈതോലപ്പായ വിവാദത്തില്‍ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ മൊഴി രേഖപ്പെടുത്തി കന്റോണ്‍മെന്റ് പൊലീസ്. കേസില്‍ ഡിജിപിക്കാണ് അന്വേഷണ ചുമതല. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് ശക്തിധരന്റെ മൊഴിയെടുത്തത്.

എന്നാല്‍ വിവാദത്തില്‍ പണം കൈമാറിയതുള്‍പ്പെടുയുള്ള ആരോപണങ്ങളില്‍ ബന്ധപ്പെട്ട ആരുടെയും പേരുകള്‍ പറയാന്‍ ശക്തിധരന്‍ തയ്യാറായില്ല. പറയാനുള്ളതെല്ലാം ഫെയ്‌സ്ബുക്കില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശക്തിധരന്റെ മറുപടി.മാധ്യമങ്ങളോടും ഒന്നും പറയാനില്ലെന്നും ശക്തിധരന്‍ പറഞ്ഞു.
ബെന്നി ബെഹന്നാന്‍ എം.പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശക്തിധരന്റെ മൊഴിയെടുത്തത്. ഫേസ്ബുക്കില്‍ പരോക്ഷമായി പരാമര്‍ശിച്ചവരുടെ പേരുവിവരങ്ങളും ശക്തിധരന്‍ പൊലീസിനോട് പറഞ്ഞില്ലെന്നാണ് വിവരം.
സി.പി.ഐ.എമ്മിലെ ഒരു നേതാവും ഇപ്പോഴത്തെ മന്ത്രിയും ചേര്‍ന്ന് രണ്ട് കോടിയലധികം രൂപ കടത്തിയെന്നായിരുന്നു ശക്തിധരന്റെ ആരോപണം. കൈതോലപ്പായയില്‍ പൊതിഞ്ഞാണ് രണ്ട് കോടി രൂപ കടത്തിയതെന്നും ഇത് ഒരു സിപിഐഎം നേതാവ് കൈപ്പറ്റിയെന്നുമായിരുന്നു ശക്തിധരന്റെ ആരോപണം.






