മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ രേഖ ചമച്ച കേസില്‍ കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. രണ്ട് ദിവസം മുമ്പ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.വ്യാജ രേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
അവിവാഹിതയായ യുവതിയെ അനാവശ്യമായി അറസ്റ്റ് ചെയ്യുന്നത് നീതി നിഷേധമാണ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം കേസില്‍ ഒളിവില്‍ കഴിയുന്ന വിദ്യയെ പൊലീസിന് ഇതുവരെ കണ്ടെത്താനായില്ല. വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വിദ്യയുടെ ചില അടുത്ത സുഹൃത്തുക്കളുടെ ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ അഗളി ഡി.വൈ.എസ്.പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിന്‍സിപ്പാളിന്റെയും മൊഴിയെടുക്കും.
അഗളി പൊലീസ് ഇന്നലെ കാസര്‍ഗോട്ട് വിദ്യയുടെ വീട്ടില്‍ എത്തി തെരച്ചില്‍ നടത്തിയിരുന്നു. വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് ലഭിക്കാനാണ് ഇന്നലെ പരിശോധന നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച കേസ് അഗളി പൊലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജരേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. 2018-19-20-21 വര്‍ഷങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. അതേസമയം വിദ്യ അധ്യാപികയായി കോളേജില്‍ ഇരുന്നിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം മറുപടി നല്‍കി.