മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ലിയോയുടെ കേരളത്തിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റു പോയതായി റിപ്പോർട്ടുകൾ.
പ്രമുഖ വ്യവസായി ഗോകുലം ഗോപാലാൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവിസിനാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം ലഭിച്ചതെന്നാണ് സൂചന. 16 കോടി രൂപയ്ക്ക് ആണ് ഇടപാട് ഉറപ്പിച്ചതെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നിർമ്മാതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവും. കേരളത്തിൽനിന്നുള്ള അഞ്ച് പ്രൊഡക്ഷൻ കമ്പനികൾ ലിയോയുടെ വിതരണാവകാശത്തിനായി രംഗത്ത് വന്നിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള അന്യഭാഷ നടനാണ് വിജയ്. ഈ സാഹചര്യത്തിലാണ് പൊന്നുംവില നൽകി ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കാൻ വിതരണക്കമ്പനികൾ രംഗത്ത് ഇറങ്ങിയത്. എന്തായാലും കനത്ത മത്സരത്തിനൊടുവിൽ ഗോകുലം മൂവീസ് വിതരണാവകാശം നേടിയെടുക്കുകയായിരുന്നു.
രജനീകാന്ത് ചിത്രം 2.0 ആണ് ഇതിനു മുൻപ് കേരളത്തിൽ ഉയർന്ന തുകയ്ക്ക് വിതരണാവകാശം വിറ്റു പോയ ചിത്രം. 14 കോടിക്കായിരുന്നു ആ ഇടപാട്. ആർആർആർ 10 കോടിയ്ക്കാണ് കേരളറൈറ്റ്സ് വിറ്റു പോയത്.