കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീപിടിത്തത്തില്‍ ഒഴിവായത് വന്‍ ദുരന്തം. അപകടം നടന്ന നൂറ് മീറ്റര്‍ അകലെ ഇന്ധന സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്. തീ പടരുന്ന സാഹചര്യമുണ്ടായാല്‍ വലിയ അപകടം സ്ഥലത്ത് സംഭവിക്കുമായിരുന്നു.
അതേസമയം കത്തിയ കോച്ചിന്റെ ശുചിമുറിയോട് ചേര്‍ന്ന ചില്ല് തകര്‍ന്ന നിലയില്‍. ശുചിമുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. കോച്ചിനുള്ളില്‍ ഇന്ധനം ഒഴിച്ചത്. ജനല്‍ ചില്ല് തകര്‍ത്താണെന്നും സംശയിക്കുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തും. സംഭവം എന്‍.ഐ.എ അന്വേഷിക്കുകയും ചെയ്യും.
തീപിടിച്ച കോച്ച് പൊലീസ് സീല്‍ ചെയ്തു. സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി റെയില്‍ പറഞ്ഞു. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് വീണ്ടും തീപിടിത്തമുണ്ടായത്. എലത്തൂരില്‍ തീപിടിത്തമുണ്ടായ അതേ ട്രെയിനിലാണ് ഇന്നും തീപിടിത്തമുണ്ടായത്. ജനറല്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെടുന്നത്.
കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച ട്രെയിനില്‍ തീപടരുന്നത് കണ്ടത് സ്റ്റേഷനിലെത്തിയ യാത്രക്കാരിലൊരാളാണ്. മനഃപൂര്‍വ്വം തീയിട്ടതാണോ എന്ന സംശയം ഉയരുന്നുണ്ട്. കാനുമായി ഒരാള്‍ ബോഗിയിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
5.10ന് കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട ട്രെയിനിനാണ് തീപിടിച്ചത്. അഗ്നി ശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. പുലര്‍ച്ചെ 2.20 ഓടെ തീ അണച്ചു. ഏപ്രില്‍ രണ്ടിനാണ് 9.25ന് കോഴിക്കോട് എലത്തൂര്‍ വെച്ച് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ തീ വെച്ചത്.