ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ യാത്രക്കാരന് ഗുരുതര പരിക്ക്. പൂപ്പാറയ്ക്ക് സമീപത്ത് വച്ച് വൈകിട്ട് 7 മണിയോടെയാണ് പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച കാർ ചക്കക്കൊമ്പനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. പൂപ്പാറ ചൂണ്ടല്‍ സ്വദേശിയായ പാസ്റ്റർ തങ്കരാജും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ചക്കക്കൊമ്പനെ പോയി ഇടിച്ചത്. ഇന്നലെ രാത്രിയിലും പൂപ്പാറ ടൗണിൽ ചക്കക്കൊമ്പൻ ഇറങ്ങിയിരുന്നു.
കാറിടിച്ച അരിശരത്തിൽ കാറിൻ്റെ ഇടത് വശത്ത് കൊമ്പ് കൊണ്ട് കുത്തിപൊളിക്കാൻ നോക്കിയ ചക്കക്കൊമ്പൻ തുമ്പിക്കൈ കൊണ്ട് കാറിൽ അടിക്കുകയും എന്നിട്ടും അരിശം തീരാതെ കാറിൽ കയറി ഇരിക്കുകയുമായിരുന്നു. ഇരുട്ടത്ത് റോഡിൽ ആന നിൽക്കുന്നത് കാറിലുണ്ടായിരുന്നവർ കണ്ടിരുന്നില്ല. റോഡരികിലെ കുറ്റിക്കാട്ടിൽ നിന്നും ആന പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചപ്പോൾ അതു വഴി വന്ന കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകര്‍ക്കാനുള്ള ശ്രമം നടത്തി.
പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. പാസ്റ്റർ തങ്കരാജിൻ്റെ തലയ്ക്ക് ആറോളം സ്റ്റിച്ച് ഇട്ടിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നതിനെ തുടര്‍ന്നാണ് യാത്രക്കാർക്ക് പരിക്കേറ്റിരിക്കുന്നത്.
അപകടം നടന്ന മേഖല ആനത്താരയാണെന്നാണ് വിവരം. കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. അപകടത്തിന് ശേഷം സ്ഥലം വിട്ട ആനയെ കണ്ടെത്താൻ വനംവകുപ്പ് ശ്രമം തുടങ്ങി. കാറിടിച്ചതിൽ ആനയ്ക്ക് പരിക്കേറ്റോ എന്ന് പരിശോധിക്കാനാണിത്. പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്നും വനം വകുപ്പ് വ്യക്തമാക്കി.