വന്യമൃഗ ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളില്‍ തൊട്ടാല്‍ കൈ പൊള്ളുന്ന അവസ്ഥയാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് അവര്‍ വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ ഉണ്ടാവുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വന്യമൃഗ ആക്രമണം ഉണ്ടായാല്‍ മയക്കുവെടി വെക്കാനും ഇല്ലെങ്കില്‍ ഉള്‍ക്കാട്ടിലേക്ക് തന്നെ പറഞ്ഞുവിടാനും പറ്റും. പക്ഷെ ഈ മയക്കുവെടി വെക്കുന്നതിനെതിരെ ആര്‍ക്കെങ്കിലും കോടതിയില്‍ പോവാനും സാധിക്കും. അരിക്കൊമ്പന്റെ കാര്യത്തില്‍ സംഭവിച്ചത് അതായിരുന്നുവെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അരിക്കൊമ്പന്‍ വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരിനെ കോടതിയില്‍ പ്രതികൂട്ടിലാക്കിയ സംഭവം കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്. അങ്ങനെ ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? അവര്‍ നാളെ കോടതിയില്‍ പോകേണ്ടി വരുമോ എന്ന ചോദ്യവും സ്വാഭാവികമായി വരും. പെട്ടെന്ന് ഉത്തരവ് കൊടുത്താലും പ്രശ്‌നമാണ്. വെള്ളനാട്ടെ കരടിയുടെ വിഷയത്തില്‍ പെട്ടെന്ന് കൊടുത്തതാണ് തെറ്റായിപോയത്. വേണ്ടത്ര പരിശോധന നടത്താതെ, സ്ഥലം സന്ദര്‍ശിക്കാതെ ഉത്തരവ് കൊടുത്തു എന്നതായിരുന്നല്ലോ അവരുടെ പരാതി എന്നും അദ്ദേഹം ചോദിച്ചു.
ഓരോ പരാതി വരുമ്പോഴും ഓരോ തരത്തില്‍ വ്യാഖ്യാനിച്ച് അതിന് അനാവശ്യമായ പ്രധാന്യം നല്‍കികൊണ്ട് പ്രചരിപ്പിക്കുമ്പോള്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യേണ്ടത്, ജനങ്ങളോടൊപ്പം നില്‍ക്കണോ? വനനിയമത്തോടൊപ്പം നില്‍ക്കണോ? അവര്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന വിധത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം എന്ന് തന്നെയാണ് തന്റെ അഭിപ്രായം. ജനങ്ങള്‍ക്കൊപ്പം നിന്ന് പരമാവധി നിയമലംഘനങ്ങള്‍ കുറച്ചുകൊണ്ട് നിയമത്തിന്റെ പരിധിയില്‍ തന്നെ പരമാവധി നിന്നുകൊണ്ട് ജനങ്ങള്‍ക്ക് സഹായകരമായ നിലപാട് വനംവകുപ്പ് സ്വീകരിക്കണമെന്നാണ് വനം വകുപ്പ് മന്ത്രാലയത്തിന്റെ നിലപാട്. അവരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗ പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ ചില സമയത്ത് പുഷ്പാഭിഷേകവും ചില സമയത്ത് കല്ലേറുമാണ്. ചത്തുപോയ പോത്തിനെ കൊന്നു എന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. എങ്ങനെ വന്നാലും സര്‍ക്കാരിനെതിരെ ഒരു വടി എന്ന പ്രവണത ഉദ്യോഗസ്ഥരെ നിര്‍ഭയം പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ പ്രതിഷേധം ന്യായമാണ്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വനംവകുപ്പ് സമയോജിതമായി ഇടപെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാട്ടുപോത്തിന്റെ ആക്രമണം ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. കളക്ടര്‍ ചര്‍ച്ചചെയ്ത് ന്യായമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും സമരം പിന്‍വലിക്കാന്‍ തയ്യാറായില്ല. രേഖാമൂലം ഉറപ്പ് വേണം എന്ന നിലപാടാണ് സ്വീകരിച്ചത്. ചിലര്‍ സമരം ഭരണ വിരുദ്ധമാക്കാന്‍ ശ്രമിച്ചു. വെടിവെക്കാന്‍ കളക്ടര്‍ ഇറക്കിയ ഉത്തരവും ചിലര്‍ വിവാദമാക്കിയെന്നും മന്ത്രി പറഞ്ഞു.