ഗോഫസ്റ്റ് വിമാനക്കമ്പനിയുടെ സർവീസുകൾ അനിശ്ചിതത്വത്തിലായതോടെ പെരുവഴിയിലാകുന്നത് കണ്ണൂർ വിമാനത്താവളമാണ്. ഗോഫസ്റ്റ് സർവീസുകൾ നിലച്ചതോടെ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് കണ്ണൂർ വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 2 വിമാന കമ്പനികൾ മാത്രം സർവീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂർ മാറി
കുവൈറ്റ്, ദുബായ്, മസ്കത്ത്,ദമാം എന്നിവിടങ്ങളിലേക്കും മുംബൈലേക്കുള്ള ആഭ്യന്തര സർവീസുകളും ഉൾപ്പെടെ ദിവസം 8 സർവീസ് വീതം ഗോ ഫസ്റ്റ് കണ്ണൂരിൽ നിന്നും നടത്തിയിരുന്നു. ബഡ്ജറ്റ് എയർലൈനായ ഗോഫസ്റ്റിൽ ടിക്കറ്റ് എടുത്ത് കാത്തിരുന്നവർക്ക് പണം തിരികെ നൽകുമെന്ന് പറയുന്നുണ്ടെങ്കിലും തുക ലഭിക്കുന്നില്ലെന്നാണ് പരാതി.
മെയ് 24 നകം സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതി ഇടുന്നുണ്ടെങ്കിലും ഇതേ കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ല.