കൊച്ചി വാട്ടർ മെട്രോയ്ക്ക് ആദ്യദിനം തന്നെ മികച്ച പ്രതികരണം. ആദ്യ ദിനമായ ബുധനാഴ്ച മികച്ച ടിക്കറ്റ് വരുമാനവും ലഭിച്ചു. ടൂറിസ്റ്റുകൾ ഉൾപ്പടെ 6559 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. തിരക്ക് കാരണം പലർക്കും യാത്ര ചെയ്യാനാവാതെ തിരിച്ചു പോകേണ്ടിയും വന്നു. എന്നാൽ ആദ്യദിനം ലഭിച്ച വരുമാനത്തിന്റെ കൃത്യമായ കണക്ക് കെ എം ആർ എൽ പുറത്തുവിട്ടില്ല.
വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനായുള്ള സ്മാർട്ട് കാർഡുകളുടെ വിതരണവും ആരംഭിച്ചു. സ്മാർട്ട് കാർഡുകൾ ലഭ്യമാകുന്നതോടെ വാട്ടർ മെട്രോയ്ക്കായുള്ള ക്യൂ കുറയുമെന്നും ഇത് വഴി കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാനാകും എന്നാണ് പ്രതീക്ഷയെന്നും കെ എം ആർ എൽ വ്യക്തമാക്കി.
ഓരോ 15 മിനുട്ടിലുമാണ് വാട്ടർ മെട്രോ സർവീസ് ലഭ്യമാവുക. ഹൈക്കോടതി- വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ് ആരംഭിച്ചിരിക്കുന്നത്. 20 രൂപയാണ് ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്. കൂടിയ നിരക്ക് 40 രൂപയും. വൈറ്റില-കാക്കനാട് റൂട്ടിൽ 17 നാണ് സർവീസ് ആരംഭിക്കുക.
നിലവിൽ 8 ബോട്ടുകളാണ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓരോ ബോട്ടിലും നൂറ് പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന 10 ദ്വീപുകൾ ബന്ധിപ്പിച്ചാണ് വാട്ടർ മെട്രോ പദ്ധതിയൊരുക്കിയിരിക്കുന്നത്. 747 കോടി രൂപയുടെ പദ്ധതി ജർമ്മൻ ബാങ്കായ കെ എഫ് ഡബ്‌ള്യുവിന്റെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. പ്രതിദിനം 34000 യാത്രക്കാരെയാണ് കൊച്ചി വാട്ടർ മെട്രോയിൽ പ്രതീക്ഷിക്കുന്നത്.