ദുബൈയിലെ നിരത്തുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാനുള്ള മൂന്നാം ഘട്ട പദ്ധതികൾക്ക് തുടക്കമായി. നിരത്തുകളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതികളിൽ 82 ശതമാനവും പൂർത്തിയായതായി ആർ.ടി.എ അറിയിച്ചു. ഇതിനായി ബസ് സ്റ്റേഷൻ, പാർക്കിംഗ് ടെർമിനലുകൾ, ഉപഭോക്‌തൃ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം പ്രത്യേകം സൗകര്യങ്ങളും സൈൻ ബോർഡുകളും ഒരുക്കിയിട്ടുണ്ട്.
ആദ്യ രണ്ട് ഘട്ടങ്ങളിലായി ആർ.ടി.എ ഹെഡ് ഓഫിസ്, ഉമ്മുൽ റുമൂലിലെയും ദേരയിലെയും ബർഷയിലെയും കസ്റ്റമർ ഹാപ്പിനസ് സെൻറർ, അൽഖൂസിലെയും ഇബ്നു ബത്തൂത്തയിലെയും ദെയ്‌റ സിറ്റി സെന്ററിലെയും ബസ് സ്റ്റേഷനുകൾ, നൈഫിലെയും റിഗ്ഗയിലെയും കാൾട്ടണിലെയും പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഇത് കൂടാതെ ഭിന്ന ശേഷി സൗഹൃദ ടോയ്ലറ്റുകൾ, ഓട്ടോമാറ്റിക് ഡോർ, റിസപ്ഷൻ ഡെസ്കിലെ മൈക്രോഫോൺ സൗകര്യം, വഹീൽച്ചർ റാംപ് എന്നീ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മൂന്നാം ഘട്ടത്തിൽ ജല ഗതാഗത സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ടിക്കറ്റ് കിയോസ്കുകൾ സ്ഥാപിക്കും. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ രാജ്യം 100 ശതമാനം ഭിന്നശേഷി സൗഹൃദമാവും.