ഗ്രോധ്ര ട്രെയിന്‍ തീവെപ്പുകേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന എട്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
അതേസമയം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട, കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കിയിട്ടില്ല. ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് കോടതി എട്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
ജാമ്യം നിഷേധിച്ച നാല് പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
2002 ലാണ് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസില്‍ തീവെയ്പ്പ് ഉണ്ടാകുന്നത്. സംഭവത്തില്‍ 58 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഗുജറാത്ത് വംശഹത്യ നടന്നതും ഇതിന് പിന്നാലെയാണ്.
കേസില്‍ 2011ല്‍ ഗുജറാത്തിലെ പ്രദേശിക കോടതി 31 പേരെ ശിക്ഷിക്കുകയും 63 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു.
പിന്നീട് 31 പേരെ ശിക്ഷിക്കാനുള്ള പ്രദേശിക കോടതിയുടെ തീരുമാനം ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.