ദുബായ്: ലേബര്‍ ക്യാംപില്‍ തൊഴിലാളികള്‍ക്കൊപ്പം നോമ്പ് തുറന്ന് അക്കാഫ് അസോസിയേഷന്‍. അയ്യായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന തൊഴിലാളി ക്യാമ്പിലാണ് അക്കാഫ് അസോസിയേഷന്‍ ഞായറാഴ്ച നോമ്പ് തുറന്നത്.
25 ദിവസമായി ലേബര്‍ ക്യാംപുകളില്‍ അക്കാഫ് അസോസിയേഷന്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ ഇഫ്താര്‍ കിറ്റ് വിതരണം നടത്തിയത് സോനാപൂരിലെ വിവിധ ദേശക്കാരായ അയ്യായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന തൊഴിലാളി ക്യാമ്പിലായിരുന്നു.
അക്കാഫ് വളണ്ടിയര്‍മാര്‍ ആപ്പിളും ഓറഞ്ചുമടക്കമുള്ള വിഭവങ്ങളും പ്രത്യേകം തയ്യാറാക്കികൊണ്ടുവന്ന ദം ബിരിയാണിയും നോമ്പുതുറയ്ക്ക് വിളമ്പി. ക്യാംപിന്റെ മുറ്റത്ത് തൊഴിലാളികളോടൊപ്പം ഇരുന്നുതന്നെ നോമ്പ് തുറന്നു. തൊഴിലാളികളും അക്കാഫിന്റെ ഇരുന്നൂറോളം വരുന്ന വളണ്ടിയര്‍മാരും നിരനിരയായി ഇരുന്നു നോമ്പ് തുറന്നപ്പോള്‍ പലര്‍ക്കുമത് നവ്യാനുഭവമായി. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഇഫ്താറിന്റെ ഭാഗമായി. അക്കാഫിന്റെ അതിരുകളില്ലാത്ത ഈ സ്‌നേഹ സായാഹ്നത്തിന് ആശംസകള്‍ നേരാനായി സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരും എത്തി.
കനത്ത ചൂടിനെ പോലും വകവെക്കാതെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള അക്കാഫിന്റെ വളണ്ടിയര്‍മാര്‍ എല്ലാം കഴിഞ്ഞു വൃത്തിയാക്കി മടങ്ങിയത്. പരസ്പര വിശ്വാസം തകരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ നോമ്പുതുറ മാനുഷിക മൂല്യങ്ങള്‍ മുറുകെപിടിക്കുന്നതിന് ഉദാഹരണമായി.
ഹിസ് ഹൈനസ് ഷെയ്ഖ് മാജിദ് അല്‍ റാഷിദ് അല്‍ മുല്ല മുഖ്യാതിഥി ആയിരുന്നു. അക്കാഫ് അസോസിയേഷന്‍ പ്രസിഡണ്ട് പോള്‍ ടി ജോസഫ് , സെക്രട്ടറി ദീപു എ എസ് , ട്രഷറര്‍ മുഹമ്മദ് നൗഷാദ് , വൈസ് പ്രസിഡന്റ് വെങ്കിട് മോഹന്‍ , സി.ഡി.എ പ്രതിനിധി അഹ്‌മദ് അല്‍ സാബി, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായ്ക് , ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാരായ സുബി ജോര്‍ജ്ജ് , സുകുമാരന്‍ കല്ലറ , ഉണ്ണികൃഷ്ണന്‍ എസ് പി, സായിദ് ഫൗണ്ടേഷന്‍ പ്രതിനിധികളായ ഖാമിസ് അല്‍ ഹക്കീം, ഡോ അഹ്‌മദ്, റായിദ് ഷംസി, മൊഹമ്മദ് അല്‍ ആലി, ഫാകാര്‍ അല്‍ മൊജാതാനി പ്രതിനിധി നാസര്‍ അലി, അക്കാഫ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് മെമ്പര്‍മാരായ ഖാലിദ് നവാബ് ദാദ് കോഡാ, മുഹമ്മദ് റഫീഖ്, സാനു മാത്യു, ഷൈന്‍ ചന്ദ്രസേനന്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, മീഡിയ കണ്‍വീനര്‍ എ വി ചന്ദ്രന്‍ , വിവിധ കോളജ് അലുംനി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.