കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ട്രയൽ റണിൻ്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിൻ ഉച്ചയോടെ കണ്ണൂരിലെത്തി. രണ്ട് മണിക്കൂറിന് ശേഷം കണ്ണൂരിൽ നിന്നും തിരികെ പുറപ്പെടുന്ന ട്രെയിൻ ഇന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഏഴ് മണിക്കൂർ പത്ത് മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്തിയത്.
കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച തീവണ്ടി പുലർച്ചെ 5.10-ഓടെയാണ് ട്രയൽ റൺ ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ട്രെയിൻ അൻപത് മിനിറ്റിൽ കൊല്ലത്ത് എത്തി. 7.28-ന് കോട്ടയത്ത് എത്തിയ വന്ദേഭാത് തുടർന്ന് എറണാകുളം ടൗൺ സ്റ്റേഷനിലാണ് പിന്നെ നിർത്തിയത്. 7.30 കോട്ടയത്ത് നിന്നും പുറപ്പെട്ട് കൃത്യം ഒരു മണിക്കൂറിലാണ് ട്രെയിൻ നോർത്തിലേക്ക് എത്തിയത്. ഇവിടെ നിന്നും പുറപ്പെട്ട് 9.37-ന് വന്ദേഭാരത് തൃശ്ശൂരിലെത്തി.
നിലവിൽ തിരുവനന്തപുരത്ത് നിന്നും ദില്ലിക്ക് പോകുന്ന രാജ്യധാനി എക്സ്പ്രസ്സ് ആണ് കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ തീവണ്ടി ഏതാണ്ട് എട്ട് മണിക്കൂർ കൊണ്ടാണ് രാജ്യധാനി തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്തുന്നത്. ഇതിലും ഒരു മണിക്കൂർ കുറഞ്ഞ സമയം കൊണ്ടാണ് വന്ദേഭാരത് ഈ ദൂരം താണ്ടിയത്. മലബാറിലെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന മാവേലി, ജനശതാബ്ദി, മംഗളൂരു എക്സ്പ്രസ്സ് ട്രെയിനുകളേക്കാളും മൂന്ന് മണിക്കൂർ വരെ കുറഞ്ഞ സമയം കൊണ്ടാണ് വന്ദേഭാരത് ട്രയൽ റണ് പൂർത്തിയാക്കിയത്.
ഷൊർണ്ണൂരിലും തിരൂരിലും വന്ദേഭാരതിന് സ്റ്റോപ്പില്ലാത്തതിനാൽ പിന്നെ കോഴിക്കോടാണ് നിർത്തിയത്. ഷൊർണ്ണൂർ പിന്നിടുന്നതോടെ കേരളത്തിലെ ഏറ്റവും വേഗതയേറിയ ട്രാക്കിലേക്ക് വന്ദേഭാരത് പ്രവേശിച്ചു. 110 കി.മീ വേഗതയിൽ കോഴിക്കോട്ടേക്ക് കുതിച്ച കല്ലായി സ്റ്റേഷന് മുൻപായി വേഗത കുറച്ചാണ് കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിച്ചത്. 3.18 മണിക്കൂറിലാണ് വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. 4.20 മിനിറ്റിൽ തൃശ്ശൂരെത്തി. കോഴിക്കോട് 11.16-ഓടെ കോഴിക്കോട് സ്റ്റേഷനിലെത്തിയ ട്രെയിൻ 12.19-ഓടെ കണ്ണൂരിലെത്തി ട്രയൽ റണിൻ്റെ ആദ്യഘട്ടം പൂർത്തിയാക്കി.
കണ്ണൂരിൽ നിന്നും രണ്ടരയോടെ തിരികെ പോകുന്ന ട്രെയിൻ പത്ത് മണിക്ക് മുൻപായി തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവ്വീസ് തുടങ്ങുന്നതിന് മുൻപായി ഒരു തവണ കൂടി വന്ദേഭാരത് കണ്ണൂരിലേക്ക് സർവ്വീസ് നടത്തും. ട്രെയിനിൻ്റെ ടൈം ടേബിളും ടിക്കറ്റ് നിരക്കുകളും ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം നോർത്ത്, തൃശ്ശൂർ, കോഴിക്കോട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കായംകുളം, ചെങ്ങന്നൂർ, ഷൊർണ്ണൂർ, തിരൂർ സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം ജനപ്രതിനിധികൾ അടക്കമുള്ളവർ ഉയർത്തുന്നുണ്ട്. ടൈംടേബിൾ വരുമ്പോൾ ഈ നാല് സ്റ്റേഷനുകളിൽ രണ്ടിടത്ത് വന്ദേഭാരതിന് സ്റ്റോപ്പ് കിട്ടിയേക്കും എന്നാണ് കരുതുന്നത്. ഒരു സ്റ്റോപ്പ് അനുവദിച്ചാൽ യാത്രാസമയം മൂന്ന് മിനിറ്റ് കൂടും എന്നതാണ് ഇതിലെ പ്രതിസന്ധി.
Yes indeed. Please allow to halt the Vandhe Bharath train at kayamkulam& chengannure. It will help to travell the Aleppy& pathanamthitta peoples.