തൃശൂർ അവണൂരിൽ അച്ഛന് കടലക്കറിയിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
 അവണൂർ സ്വദേശിയായ ശശീന്ദ്രനെ കടലക്കറിയിൽ വിഷം കലർത്തി നൽകി കൊലപെടുത്തിയതാണെന്ന് ആയുർവേദ ഡോക്ടറായ മകൻ മയൂര നാഥൻ കുറ്റസമ്മതം നടത്തി.
തന്റെ അമ്മ മരിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ അച്ഛൻ പുനർ വിവാഹം കഴിച്ചതിൽ മയൂരനാഥന് ദേഷ്യമുണ്ടായിരുന്നു. 15 വർഷത്തോളം മയൂരനാഥൻ ഈ പകയുമായി ജീവിച്ചു. ഈയിടെ വീട്ടിൽ സ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതും അച്ഛനെ വധിക്കാനുള്ള കാരണമായെന്ന് മയൂരനാഥൻ പൊലീസിനോട് പറഞ്ഞു.
പ്രതിയായ മയൂരനാഥൻ തന്നെയാണ് വിഷക്കൂട്ട് തയ്യാറാക്കിയത്. ഓൺലൈനായി വരുത്തിയ വിഷ പദാർഥങ്ങൾ ചേർത്താണ് വിഷക്കൂട്ട് തയ്യാറാക്കിയത്. കടലക്കറിയിൽ കലർത്തി അച്ഛന് നൽകുകയായിരുന്നു. അച്ഛൻ ശശീന്ദ്രനെ മാത്രമായിരുന്നു മയൂരനാഥൻ ലക്ഷ്യമിട്ടത്. എന്നാൽ ശശീന്ദ്രൻ കഴിച്ചു ബാക്കി വന്ന കടലക്കറി വീട്ടിലെ പ്രധാന കറിപ്പാത്രത്തിൽ രണ്ടാനമ്മ തിരിച്ചിട്ടതിനാലാണ് മറ്റ് നാലു പേർക്കു കൂടി വിഷബാധയേറ്റത്. മയൂരനാഥൻ ഒഴികെ മറ്റെല്ലാവരും കടലക്കറി കഴിക്കുകയും ചെയ്തു. ഇതാണ് കേസ് വേഗത്തിൽ തെളിയാൻ കാരണമായത്.
 വീടിന് മുകളിൽ സ്വന്തമായി ആയുർവേദ ലാബുണ്ടാക്കിയ മയൂരനാഥൻ ഇവിടെ മരുന്നുകൾ സ്വന്തമായി നിർമ്മിക്കാറുണ്ടായിരുന്നു. ഇവിടെ തന്നെയാണ് അച്ഛനെ വകവരുത്താനുള്ള വിഷക്കൂട്ടും തയ്യാറാക്കിയതെന്നാണ് വിവരം.


 
 



 
  
  
  
 