എമിറേറ്റിൽ പുതിയ പാർക്കിംഗ് സേവനവുമായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വീടുകൾക്ക് സമീപം സൗജന്യമായി പാർക്ക് ചെയ്യാൻ അനുവദിക്കുന്ന സേവനത്തിനാണ് ആർടിഎ തുടക്കം കുറിക്കുന്നത്. നിലവിൽ സ്വദേശികൾക്ക് മാത്രമാണ് അനുമതി നൽകുക.
സൗജന്യ പാർക്കിംഗിനായി എമിറാത്തി പൗരന്മാർ പ്രത്യേക പെർമിറ്റിന് ഓൺലൈനായി അപേക്ഷനൽകണം. താമസിക്കുന്ന സ്ഥലത്ത് നിന്ന് 500 മീറ്റർ ചുറ്റളവിൽ പണമടച്ചുള്ള എല്ലാ പൊതു പാർക്കിംഗ് ഏരിയകളിലേക്കും സൗജന്യ പാർക്കിംഗ് സേവനം വ്യാപിപ്പിക്കുകയാണ് ആർടിഎ.
പൗരന്മാർക്ക് അവരുടെ അപേക്ഷകൾ ആർടിഎ വെബ്സൈറ്റ് വഴി സമർപ്പിക്കാം. അപേക്ഷയോടൊപ്പം എമിറേറ്റ്‌സ് ഐഡിയുടെ പകർപ്പ്, വാഹന ഉടമസ്ഥന്റെ തെളിവ് എന്നിവ നൽകണം. വീടിന്റെ വലുപ്പം കണക്കിലെടുത്താണ് ഓരോ വീട്ടുകാർക്കും നൽകുന്ന സൗജന്യ പെർമിറ്റുകളുടെ എണ്ണം അനുവദിക്കുക. വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും അനുസരിച്ച്, അപേക്ഷയ്ക്ക് രണ്ട് ദിവസത്തിനുള്ളിൽ മറുപടി ലഭിക്കും. അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിൽ, പെർമിറ്റ് ഇമെയിൽ വഴി ലഭ്യമാകും.