നൂതന സുരക്ഷാ ഫീച്ചറുകളോട് കൂടിയ ബഹ്‌റൈൻ ഇ-പാസ്പോർട്ടുകൾ നിലവിൽ വന്നു. മാർച്ച് 20-ന് പുറത്തിറക്കും. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഇ പാസ്പോർട്ടിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. സംവിധാനങ്ങൾ ആധുനികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും ആഗ്രഹമനുസരിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
മൂന്നു ഘട്ടമായി രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഇ- പാസ്പ്പോർട്ട് സംവിധാനം ലഭ്യമാക്കും. നാഷണാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡന്റ്സ് അഫയേഴ്‌സ് വിഭാഗം മുൻകൈയ്യെടുത്താണ് ആധുനിക സംവിധാനം സാധ്യമാക്കിയത്. സാധാരണ പാസ്‌പോർട്ട്, ഡിപ്ലോമാറ്റിക് പാസ്‌പോർട്ട്, സ്പെഷൽ പാസ്‌പോർട്ട്, ട്രാവൽ ഡോക്യുമെന്റ് എന്നിവയും ഇ-പാസ്പോർട്ടാക്കി മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പുതിയ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുന്നതെന്ന് പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അറിയിച്ചു. ആദ്യ പാസ്പോർട്ടിന്റെ കാലാവധി തീയതിയോട് അടുക്കുന്നവർക്ക് ഇ-പാസ്‌പോർട്ട് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്സ്പോർട്ടിൽ ആദ്യമായാണ് ആധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത്. ബഹ്‌റൈന്റെ ആഗോള റാങ്കിംഗ് ഉയർത്തുന്ന ഒരു ഇലക്ട്രോണിക് ചിപ്പ് പാസ്‌പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രാജ്യങ്ങളിലെ വിസകൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡാറ്റാ പേജിൽ എക്കാലത്തെയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന ഏഴ് സംരക്ഷിത പാളികൾ അടങ്ങിയിട്ടുണ്ടെന്ന് എച്ച്ഐഡിയുടെ പ്രതിനിധി കോളിൻ ഹോവൽ അറിയിച്ചു.
ഇ-പാസ്സ്പോർട്ടിൽ ബഹ്‌റൈന്റെ പൈതൃക ചിഹ്നങ്ങളായ കുതിരകളും പരുന്തുകളുമുണ്ട്. കൂടാതെ ഫിസ്കർ മത്സ്യം, നക്ഷത്രങ്ങൾ, ഏറ്റവും പ്രധാനപ്പെട്ട സുഹൈൽ നക്ഷത്രം എന്നിവയും പാസ്‌പോർട്ടിന്റെ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പാസ്‌പോർട്ടിന്റെ പേജുകളിൽ രാജ്യത്തെ സവിശേഷമായ കെട്ടിടങ്ങളുടെ പെയിന്റിംഗുകളും അടങ്ങിയിട്ടുണ്ട്. ഇത് ബഹ്‌റൈന്റെ ഭൂതകാലത്തെയും വർത്തമാനകാലത്തെയും സംയോജിപ്പിക്കുന്നതാണ്.
അതേസമയം മാർച്ച് 20 മുതൽ ഇ-പാസ്സ്പോർട്ട് നടപ്പാക്കിത്തുടങ്ങും. ഇതോടെ വിവിധ രാഷ്ട്രങ്ങളിൽ വിസ ഫീസ് ഒഴിവാകുമെന്നാണ് വിലയിരുത്തുന്നത്. ഇ-പാസ്സ്പോർട്ടിന് 12 ദിനാറാണ് ഈടാക്കുക. കൂടാതെ നഷ്ടപ്പെട്ടതിന് പകരമായി പുതിയ പാസ്സ്പോർട്ട് അനുവദിക്കാൻ 50 ദിനാറും ഈടാക്കും. എന്നാൽ നശിച്ചുപോയ പാസ്സ്പോർട്ടിന് പകരമാണെങ്കിൽ 15 ദിനാറായിരിക്കും ഈടാക്കുക.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി, പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ, ഗവർണർമാർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.