കാൻസർ ബാധിതരായ കുട്ടികളുടെ ആശുപത്രിയെ സഹായിക്കുന്നതിനായി അർജന്റീനിയൻ ഗോളി താരം എമിലിയാനോ മാർട്ടിനെസ് ഗ്ലൗസ് ലേലം ചെയ്തു. 2022 ൽ ഖത്തർ ലോകകപ്പിൽ ധരിച്ച ഗ്ലൗസുകളാണ് താരം ലേലം ചെയ്തത്. അർജന്റീനയുടെ വിജയത്തിൽ മെസ്സിയോടൊപ്പം തന്നെ പ്രധാന പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനെസ്.
ഓൺലൈനിലൂടെയാണ് ലേല നടപടികൾ നടന്നത്. താരത്തിന്റെ കൈയൊപ്പോട് കൂടി ഗ്ലൗസ് ലേലത്തിന് കൈമാറി. ഫൈനൽ മത്സരത്തിൽ ഫ്രാൻസുമായുള്ള പെനാൽറ്റി ഷൂട്ടൗട്ടിലെ നിർണായകമായി മാറിയ ഗ്ലൗസുകൾക്ക് 45,000 ഡോളർ ലേലത്തിലൂടെ ലഭിച്ചു. അതായത് ഏകദേശം 36.8 ലക്ഷം രൂപ.
ലേലത്തിൽ ലഭിച്ച മുഴുവൻ തുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി താരം കൈമാറിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അതേസമയം കുട്ടികളെ സഹായിക്കുന്നതിനേക്കാള്‍ വലുതായി ലോകകപ്പ് നേടിയ ഗ്ലൗസുകളെ കാണുന്നില്ലെന്ന് താരം ലേലത്തിന് ശേഷം പ്രതികരിച്ചു. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും ഫിഫ ദ ബെസ്റ്റിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും എമിലിയാനോയ്ക്കായിരുന്നു.