ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ട് പുറത്തിറക്കി യുഎഇ. അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ചതാണ് ഈ ബോട്ട്. ഹൈഡ്ര എന്നാണ് ബോട്ടിന് പേരിട്ടിരിക്കുന്നത്.
ജലശുദ്ധീകരണ പ്ലാന്റുകൾ, സ്വകാര്യ ദ്വീപുകൾ, സൂപ്പർ യോട്ടുകൾ തുടങ്ങിയവയുടെ സംരക്ഷണത്തിനായി ഹൈഡ്രയെ ഉപയോഗപ്പെടുത്തും. 4 മീറ്റർ നീളവും ഒന്നര മീറ്റർ വീതിയുമുള്ള ബോട്ട് യുഎഇ തീര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമാണ് ഉപയോഗിക്കുക. 350 കിലോ ഭാരമാണ് ഈ ബോട്ടിനുള്ളത്. അബുദാബിയിലെ NAVDEX 2023 എക്സിബിഷനിൽ ഹൈഡ്രയെ അവതരിപ്പിച്ചിരുന്നു.
NAVDEX 2023 ഷോയിലെ സന്ദർശകർക്ക് ഹൈഡ്രയുടെ പ്രവർത്തനവും നിർമ്മാതാക്കൾ വിവരിച്ചു നൽകിയിരുന്നു. ഹൈഡ്രയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ഭാരം കുറഞ്ഞ ആളില്ലാ ഡ്രോൺ ബോട്ട് നിർമ്മാണം വികസിപ്പിക്കുമെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കുന്നു.