പ്രവാസി സംരംഭകര്‍ക്ക് സൗജന്യ ഏകദിന പരിശീലന പരിപാടിയുമായി നോര്‍ക്ക റൂട്ട്‌സ്. ഈ മാസം എറണാകുളത്ത് വച്ചാണ് പരിശീലന പരിപാടി നടക്കുക. പങ്കെടുക്കാൻ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെയെത്തിയവര്‍ക്കുമായിരിക്കും ഈ പരിശീലനമെന്ന് നോർക്ക വ്യക്തമാക്കി.
പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം നോര്‍ക്ക സെൻ്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെൻ്റർ (N.B.F.C) ഇത്തരത്തിൽ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി വിവിധ സംരംഭക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കൂടാതെ വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും ഈ പരിപാടിയിലൂടെ ലഭിക്കുമെന്ന് നോർക്ക അധികൃതർ അറിയിച്ചു.
രജിസ്ട്രേഷൻ വിവരങ്ങൾ
രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534, 8592958677 എന്നീ നമ്പറുകളിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്ന ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും പ്രവേശനം.