അമുസ്‌ലിംകൾക്ക് അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം ഫെബ്രുവരി 1 മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ വന്നു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ അടങ്ങിയതാണ് നിയമം. സിവിൽ മാര്യേജ് കരാർ പ്രകാരം സങ്കീർണമായ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തിൽ വിവാഹവും വിവാഹ മോചനവും നടത്താമെന്നതാണ് നിയമത്തിൻ്റെ പ്രത്യേകത.
വിവാഹവുമായി ബന്ധപ്പെട്ട തർക്കങ്ങൾ, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കൽ, സാമ്പത്തിക അവകാശങ്ങളിൽ തീരുമാനമെടുക്കൽ, വിൽപത്രം, പിന്തുടർച്ചാവകാശം എന്നിവയും വ്യക്തിനിയമത്തിൻ്റെ പരിധിയിൽ വരും.
യുഎഇ സന്ദർശനത്തിനിടെ വിവാഹവും വിവാഹ മോചനവും നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫാമിലി കോർട്ടിൽ റജിസ്റ്റർ ചെയ്യാം. അമുസ്‌ലിംകളുടെ വ്യക്തിഗത, കുടുംബ കേസുകൾ പരിഗണിക്കുന്ന കോടതിയിൽ സിവിൽ മാര്യേജ് കരാർ പ്രകാരം പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാം.
ഇതിനായി വധുവിൻ്റെ പിതാവിൻ്റെ അനുവാദം വേണ്ടാത്തതുകൊണ്ട് അബുദാബി കോടതിയിൽ വിവാഹം റജിസ്റ്റർ ചെയ്യാനായി എത്തുന്ന വിദേശികളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം അയ്യായിരത്തിലേറെ വിവാഹങ്ങളാണ് അബുദാബിയിൽ നടന്നത്.
വിവാഹം കഴിക്കാൻ:
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നോൺ-മുസ്‌ലിം ഫാമിലി കോർട്ട് വെബ്‌സൈറ്റിൽ വിവാഹം എന്ന ഓപ്ഷനിൽ ക്ലിക് ചെയ്ത് അപേക്ഷ സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്‌പോർട്ടിൻ്റെ കോപ്പിയും ചേർത്ത് nonmuslimfamilycourt@adjd.gov.ae എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. അപേക്ഷകന് അപ്പോൾ തന്നെ എസ്എംഎസ് ലിങ്ക് ലഭിക്കും. അതിൽ പ്രവേശിച്ച് 800 ദിർഹം ഫീസ് അടച്ച് വെർച്വലായോ നേരിട്ടോ പങ്കെടുക്കേണ്ട സമയം ഇമെയിലിൽ അറിയിക്കും. ആ ദിവസമെത്തി രേഖകളിൽ ഒപ്പുവയ്ക്കുന്നതോടെ 15 മിനിറ്റിനകം വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും.