ഹർഷിൽ: ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ചയുണ്ടായ പ്രളയത്തിൽ സൈനികരെ കാണാതായി. ഹർഷിലിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമപ്രദേശത്തിന് സമീപത്താണ് ഉച്ചയ്ക്ക് 1:45 ന് മേഘവിസ്ഫോടനം ഉണ്ടായത്. മണിക്കൂറുകൾക്ക് ശേഷം വീണ്ടും മറ്റൊരു പ്രദേശത്തും മേഘവിസ്ഫോടനമുണ്ടായി. ആകെ അൻപതോളം പേരെ മിന്നൽ പ്രളയത്തിൽ കാണാതായതായിട്ടുണ്ടെന്നാണ് കണക്ക്.
ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന സ്റ്റോപ്പ് ഓവറാണ് ധരാലി, നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവ ഇവിടെയുണ്ട്. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്, ഇത് വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.
ഇന്ത്യൻ ഹിമാലയത്തിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് മേഘവിസ്ഫോടനങ്ങൾ. കുറഞ്ഞ സമയത്ത് വൻതോതിൽ ഒരു ചെറിയ പ്രദേശത്തിന് മുകളിൽ മേഘങ്ങളുടെ വലിയകൂട്ടം രൂപപ്പെടുകയും അതിശക്തമായ മഴ പെയ്യുകയും ചെയ്യുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനം. മേഘവിസ്ഫോടനത്തിന് പിന്നാലെ മലവെള്ളപ്പാച്ചിൽ രൂപപ്പെടുകയും സമീപത്തെ ഗ്രാമങ്ങളെ ഒന്നാകെ തച്ചുടച്ച് കടന്നു പോകുകയായിരുന്നു. ഇതിലാണ് ചില സൈനികരെ കാണാതായത്.
മേഘവിസ്ഫോടനത്തിന് തൊട്ടുപിന്നാലെ ദുരന്തമേഖലയിലേക്ക് 150 സൈനികരെ അയച്ചെന്നും പരമാവധി പേരെ ഒഴിപ്പിച്ചെന്നും സൈന്യം അറിയിച്ചു. 40 മുതൽ 50 വരെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഉത്തരാഖണ്ഡ് പ്രിൻസിപ്പൽ സെക്രട്ടറി ആർ കെ സുധാൻഷു പറഞ്ഞു. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററുകളും സർവീസിൽ വിന്യസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.