ഇസ്രായേല്‍ സന്ദര്‍ശിച്ച മലയാളി തീര്‍ഥാടകസംഘത്തില്‍നിന്ന് ആറു പേരെ കാണാതായതായി പരാതി. നാലാഞ്ചിറയിലുള്ള ഒരു പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു യാത്ര. തിരോധാനവുമായി ബന്ധപ്പെട്ട് പുരോഹിതൻ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കി. ഈ മാസം എട്ടിന് കേരളത്തില്‍നിന്നു തിരിച്ച 26 അംഗ സംഘത്തിലുള്ള അഞ്ചു സ്ത്രീകളടങ്ങുന്ന ആറു പേരെയാണ് കാണാതായിരിക്കുന്നത്. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവരുടെ തിരോധാനം.
ഫെബ്രുവരി 11-നാണ് സംഘം ഇസ്രായേലില്‍ പ്രവേശിച്ചത്. 14-ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍വെച്ച് മൂന്നു പേരെയും 15-ന് പുലര്‍ച്ചെ ബെത്‌ലഹേമിലെ ഹോട്ടലില്‍നിന്നു മറ്റു മൂന്നു പേരെയും കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഇസ്രായേല്‍ പോലീസ് ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2006 മുതല്‍ ഈ പുരോഹിതന്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ഥാടകരുമായി യാത്രകള്‍ നടത്തിവരുന്നുണ്ട്. തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ഇത്തവണ യാത്ര സംഘടിപ്പിച്ചത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. അതേസമയം ഇസ്രായേലില്‍ കൃഷി പഠിക്കാന്‍ പോയ സര്‍ക്കാരിന്റെ ഔദ്യോഗികസംഘത്തില്‍നിന്ന് കണ്ണൂർ സ്വദേശിയായ കര്‍ഷകനെ കാണാതായത് വിവാദമായിരുന്നു.