ഇസ്ലാമാബാദ്: ജൂൺ 26 മുതൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാകിസ്ഥാനിൽ കനത്ത നാശം. പ്രകൃതി ദുരന്തത്തിൽ 140 കുട്ടികൾ ഉൾപ്പെടെ 299 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അപകടങ്ങളിൽ പരിക്കേറ്റ 715 പേരിൽ 239 കുട്ടികളും 204 സ്ത്രീകളും 272 പുരുഷന്മാരും ഉൾപ്പെടുന്നുവെന്നാണ് കണക്ക്.
ജൂൺ 26 മുതൽ അടിക്കടിയുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായി. ദുരിതബാധിത പ്രദേശങ്ങളിലായി ആകെ 1,676 വീടുകൾക്ക് നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. ഇതിൽ 562 വീടുകൾ നശിച്ചു, 1,114 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. പ്രളയത്തിനിടെ 428 കന്നുകാലികളും മരിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 2,880 പേരെ ഒഴിപ്പിച്ചെന്നാണ് കണക്ക്.
മേഘവിസ്ഫോടനം മൂലമുണ്ടായ കൂടുതൽ വെള്ളപ്പൊക്കങ്ങൾ വടക്കൻ പ്രദേശങ്ങളിലെ ഘൈസർ, ഹുൻസ ജില്ലകളെ ബാധിച്ചു. വ്യാപകമായ നാശനഷ്ടമാണ് ഇവിടെയുണ്ടായത്. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ ദുരന്ത നിവാരണ അതോറിറ്റി (ജിബിഡിഎംഎ) പ്രകാരം, കനത്ത മഴ ഘൈസറിന്റെ ഗുപിസ് താഴ്‌വരയിലെ ഖതം ഗ്രാമത്തിൽ വെള്ളപ്പൊക്കത്തിനും, ഘൈസർ-ഷന്ദൂർ റോഡിൽ തടസ്സം സൃഷ്ടിക്കാനും, കൃഷിഭൂമിക്കും സ്വകാര്യ സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടാക്കാനും കാരണമായി.