മലപ്പുറം: താനൂരിനടുത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 21 മരണം. ഒട്ടുമ്പുറം തൂവൽതീരത്താണ് അപകടം നടന്നത്. രണ്ട് നില ബോട്ടാണ് തല കീഴായി മറിഞ്ഞത്. അപകടസമയത്ത് ബോട്ടിൽ നാൽപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ 21 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. തീരത്ത് നിന്നും 300 മീറ്റർ മാറിയാണ് അപകടമുണ്ടായത്. ചെളിയേറിയ ഭാഗത്താണ് അപകടമുണ്ടായത് എന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രികളിലായി നാല് പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ നിലവിൽ പത്ത് മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാൻ എത്തുന്ന ബന്ധുക്കളുടെ നിലവിളിച്ച് കരയുന്ന കാഴ്ച കണ്ടു നിൽക്കുന്നവരുടെ കൂടി കണ്ണീരണയിക്കുന്ന കാഴ്ചയാണ് ആശുപത്രികളിൽ കാണുന്നത്.
വൈകിട്ട് ആറര വരെയായിരുന്നു ബോട്ടിംഗിന് അനുവദിച്ച സമയമെന്നും എന്നാൽ ഏഴ് മണി കഴിഞ്ഞും ബോട്ടിംഗ് തുടരുകയായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തകർ പലരേയും താനൂരിലും പരിസരപ്രദേശങ്ങളിലേക്കും എത്തിച്ചു കൊണ്ടിരിക്കുകയാണ്. ബോട്ട് പൂർണമായും പൊക്കിയെടുക്കുകയും അടിത്തട്ടിലെ പരിശോധന പൂർത്തിയാവുകയും ചെയ്താൽ മാത്രമേ അപകടത്തിൻ്റെ ശരിയായ തീവ്രത വ്യക്തമാവൂ.
ഇരുപത് പേർക്ക് കയറാവുന്ന ബോട്ടിൽ നാൽപ്പതിന് അടുത്ത് ആളുകളുണ്ടായിരുന്നുവെന്നാണ് വിവരം. രണ്ട് നില ബോട്ടാണ് പൂരപ്പുഴ അഴിമുഖത്തായി സർവ്വീസ് നടത്തിയത്. ബോട്ട് മുങ്ങിയതിന് പിന്നാലെ ചെറുബോട്ടുകളിൽ സമീപത്ത് മത്സ്യബന്ധനം നടത്തുന്നവരും തീരത്തുണ്ടായിരുന്ന വിനോദസഞ്ചാരികളും കൂടിയാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരായ വി.അബ്ദുറഹ്മാനേയും പി.എ മുഹമ്മദ് റിയാസിനേയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ തന്നെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് എത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശനും താനൂരിലേക്ക് തിരിച്ചു സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ ജില്ലാ കളക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പുകൾ അടക്കം ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ സജീവമായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്.
പോസ്റ്റ് മോർട്ടം ഒഴിവാക്കി മൃതദേഹങ്ങൾ വിട്ടു കൊടുക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനമുണ്ടാവും. മലപ്പുറത്തേയും കോഴിക്കോട് നഗരത്തിലേയും ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിൽ ഇനി ചികിത്സയിലുള്ളവർക്ക് മികച്ച ചികിത്സ നൽകുക എന്നതിലേക്ക് ആരോഗ്യവകുപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. തിരൂർ, താനൂർ താലൂക്ക് ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന പലരേയും ഇതിനോടകം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും നഗരത്തിലെ മറ്റു സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ബോട്ട് തകർന്ന നിലയിൽ കരയിലേക്ക് വലിച്ച് അടുപ്പിച്ചിട്ടുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്ന എന്ന കാര്യത്തിൽ അവ്യക്തതയുള്ളതിനാൽ ബോട്ടിൻ്റെ അവശിഷ്ടങ്ങൾ മൊത്തം പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും ചേർന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അഴിമുഖത്തോട് ചേർന്ന ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേന പ്രവർത്തരും തെരച്ചിൽ നടത്തുന്നുണ്ട്. ബോട്ടിൻ്റെ അടിയിലോ അഴിമുഖത്തിൻ്റെ അടിത്തട്ടിലോ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമം.