കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് ഇരുപത് വർഷം കഠിനതടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് വിചാരണ കോടതി. കൂട്ടബലാത്സംഗം നടന്നുവെന്ന് കോടതി തന്നെ കണ്ടെത്തിയ കേസിൽ ആ വകുപ്പിൽ നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് വിധിച്ചത്. പ്രതികളുടെ എല്ലാവരുടേയും പ്രായം നാൽപ്പത് വയസ്സിന് താഴെയാണെന്നും ഇവരുടെ കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്ന് വിധിപ്രസ്താവനയ്ക്കിടെ കോടതി പറഞ്ഞു. ഒന്നാം പ്രതി പൾസർ സുനി ഒഴികെ മറ്റാരുടേയും പേരിൽ മുൻപ് കേസുകളില്ലായിരുന്നു എന്നതും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളിൽ നിന്നും അഞ്ച് ലക്ഷം രൂപ ഈടാക്കി ഇരയായ നടിക്ക് നൽകണമെന്ന് വിധിയിലുണ്ട്. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്. ഐടി ആക്ട് പ്രകാരം പൾസർ സുനിക്ക് മൂന്ന് വർഷം തടവും വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുവദിച്ചാൽ മതിയെന്നും വിധിയിലുണ്ട്. വിചാരണയ്ക്കിടെ പ്രതികൾ ഏഴ് വർഷം വരെ റിമാൻഡ് തടവിലുണ്ടായിരുന്നതിനാൽ ഇതുകഴിഞ്ഞുള്ള കാലം മാത്രം പ്രതികൾ ജയിലിൽ കഴിഞ്ഞാൽ മതിയാവും.
പത്ത് പ്രതികളുള്ള കേസിൽ നടൻ ദിലീപ് അടക്കം നാല് പേരെ നേരത്തെ തന്നെ വിട്ടയച്ച കോടതി അവശേഷിച്ച പ്രതികൾക്ക് കുറഞ്ഞ ശിക്ഷയും വിധിച്ചതോടെ നടിയെ ആക്രമിച്ച കേസ് ഇരയ്ക്കും അവരെ പിന്തുണച്ചവർക്കും പ്രോസിക്യൂഷനും പൊലീസിനും കനത്ത തിരിച്ചടിയായി മാറുകയാണ്. വിധിയുടെ പൂർണരൂപം കിട്ടിയാലുടൻ ഹൈക്കോടതിയെ പ്രോസിക്യൂഷൻ സമീപിക്കും എന്ന് ഉറപ്പാണ്. വിധി തിരിച്ചടിയായ സ്ഥിതിക്ക് സർക്കാരും ഇത് ഗൌരവമായി കാണും. എന്നാൽ ഹൈക്കോടതി അപ്പീൽ സ്വീകരിച്ചാലും നീണ്ട കാലത്തേക്കുള്ള നിയമനടപടികളാവും ഈ കേസിൽ ഇനി നടക്കുക എന്നാണ് നിയമവിദഗ്ദ്ദർ പറയുന്നത്.




