ദന്തെവാഡ: ഛത്തീസ്ഗഢിൽ 11 ജവാന്മാർക്ക് വീരമൃത്യു. ഛത്തീസ്‌ഗഢിലെ ദന്തെവാഡയിൽ നടന്ന സ്‌ഫോടനത്തിലാണ് 11 പൊലീസുകാർ വീരമൃത്യുവരിച്ചത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് അറൻപൂരിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരുടെ നേരെ മാവോയിസ്റ്റു സംഘം സ്ഫോടനം നടത്തുകയായിരുന്നു. ഡി.ആർ.ജി (ഡിസ്‌ട്രിക്‌ട് റിസേർവ് ഗാർഡ് ) സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
പൊലീസ് സംഘം തങ്ങളുടെ ക്യാമ്പിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ മാവോവാദികൾ സ്‌ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഡ്രൈവർ ഉൾപ്പെടെ പതിനൊന്ന് പേരാണ് മരണപ്പെട്ടത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
പൊലീസുകാരെ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം മാവോവാദികൾ ഭീഷണിക്കത്ത് അയച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി സംഘത്തെ അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അനുശോചനം അറിയിക്കുന്നതായും ഛത്തിസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അറിയിച്ചു.
ഏതാണ്ട് അൻപത് കിലോയോളം ഭാരം വരുന്ന സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് സൂചന. സ്ഫോടനത്തിന് പിന്നാലെ പാതയിൽ വൻഗർത്തം രൂപപ്പെട്ടു. മൂന്ന് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വനമേഖലയിലാണ് സ്ഫോടനം നടന്നത് അതിനാൽ സ്ഫോടനം നടത്തി മാവോയിസ്റ്റുകൾ രക്ഷപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്.