തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. സീറ്റ് നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിൻറെ നിഗമനം.

വീടിന് പുറകിലുള്ള ഷെഡിലാണ് ആനന്ദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് മെസേജ് അടച്ച സുഹൃത്തുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആനന്ദിനെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ, ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുകൾക്ക് അയച്ച വാട്സ് സന്ദേശം പുറത്ത് വന്നു. ബിജെപി നേതാക്കൾക്കെതിരെയാണ് ആനന്ദിൻറെ കുറിപ്പ്. സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പിൽ ആരോപിക്കുന്നു. തൻ്റെ മൃതദേഹം എവിടെ കുഴിച്ചിട്ടാലും കുഴപ്പമിലല്ലെന്നും എന്നാൽ ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ഭൌതിക ദേഹം ഒരു കാരണവശാലും കാണിക്കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും ആനന്ദിൻറെ കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. അതേസമയം, ഇദ്ദേഹത്തിൻറെ പേര് ലിസ്റ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.






