ദില്ലി: വ്യോമയാന യാത്ര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദേശം മുന്നോട്ട് ദേശീയ വ്യോമഗതാഗത നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ടിക്കറ്റ് റീഫണ്ടിംഗിലടക്കം നിരവധി പരിഷ്കാരങ്ങളാണ് ഡിജിസിഎ മുന്നോട്ട് വച്ചതെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടിക്കറ്റ് ക്യാൻസലേഷൻ ഭീമമായ തുക ഈടാക്കുന്ന അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരും.

മിക്ക ഫ്ലൈറ്റ് ബുക്കിങ് വെബ്സൈറ്റുകളും ടിക്കറ്റ് സൗജന്യമായി റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ അവസരം നൽകാറുണ്ട്. എന്നാൽ ഇതിനായി അധിക തുക നൽകേണ്ടി വരും. മാത്രമല്ല ഈ സൗകര്യം ഒരു തവണ മാത്രമേ ഉപയോഗിക്കാനാവൂ. എയർലൈനുകൾ യാത്രക്കാർക്ക് ഒരു ‘ലുക്ക്-ഇൻ’ സൗകര്യം നൽകണമെന്നാണ് ഡിജിസിഎയുടെ നിർദേശം. ഇത് ടിക്കറ്റ് ബുക്ക് ചെയ്ത സമയം മുതൽ 48 മണിക്കൂർ വരെയായിരിക്കും. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും തിരികെ നൽകേണ്ടി വരും.
“ഈ സമയത്തിനുള്ളിൽ, യാത്രക്കാർക്ക് അധിക ചാർജുകളൊന്നും നൽകാതെ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം. എന്നാൽ, മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന പുതിയ ഫ്ലൈറ്റിന്റെ നിലവിലുള്ള സാധാരണ നിരക്ക് നൽകേണ്ടി വരും,” വിമാന ടിക്കറ്റുകളുടെ റീഫണ്ടുമായി ബന്ധപ്പെട്ട സിവിൽ ഏവിയേഷൻ റിക്വയർമെൻ്റിലാണ് (സിഎആർ) ഈ നിർദേശം സമർപ്പിച്ചത്. എന്നിരുന്നാലും, ഈ പുതിയ നിയമം നടപ്പിലാക്കിയാൽ അത് എല്ലാവർക്കും ബാധകമായിരിക്കില്ല.
കരട് ചട്ടപ്രകാരം, പുറപ്പെടാൻ അഞ്ച് ദിവസത്തിൽ താഴെ സമയമുള്ള ആഭ്യന്തര വിമാനങ്ങൾക്കും 15 ദിവസത്തിൽ താഴെ സമയമുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്കും ഈ ‘ലുക്ക്-ഇൻ’ സൗകര്യം ബാധകമല്ല.”ബുക്ക് ചെയ്ത് 48 മണിക്കൂറിന് ശേഷം ഈ സൗകര്യം ലഭ്യമാകില്ല. ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുന്നതിന് യാത്രക്കാർ അതാത് റദ്ദാക്കൽ ഫീസ് നൽകേണ്ടിവരും,” എന്ന് കരട് സിഎആറിൽ പറയുന്നു.






