ടോക്യോ: ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണിയെ ഒന്നിച്ചു നേരിടുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം മാറുമോ എന്ന ചോദ്യത്തിനിടെ പ്രധാനമന്ത്രി മോദി ജപ്പാനിലെത്തി. ജപ്പാനിൽ നിന്നും ചൈനയിലേക്ക് പോകുന്ന മോദി അവിടെ ഷാങ്ഹായ് ഉച്ചക്കോടിയിൽ പങ്കെടുക്കും. നരേന്ദ്ര മോദിക്കും, റഷ്യൻ പ്രസിഡൻറ് വ്ലാഡ്മീർ പുടിൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് എന്നിവർ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാൽ തന്നെ അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഷാങ്ഹായി ഉച്ചകോടിക്കുള്ളത്.
അമേരിക്കൻ തീരുവ ഭീഷണി വലിയ നിലയിൽ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും. ഏറ്റവും ഒടുവിൽ ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ഷാങ്ഹായി ഉച്ചകോടി എന്നതുകൊണ്ട് വിഷയം വലിയ തോതിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. ജാപ്പനീസ് സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു. ഈ സന്ദർശനം ആഗോളപരമായ സഹകരണത്തിന് ഊന്നൽ നൽകുന്നതാണ്. ജപ്പാനിലേക്കും ചൈനയിലേക്കുമുള്ള സന്ദർശനങ്ങൾ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും മോദി പറഞ്ഞു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങളും സന്ദർശനത്തിൽ ചർച്ചയാകും.
അധിക തീരുവയെ ചൊല്ലി ഇന്ത്യ – അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദിയുടെ ജപ്പാൻ, ചൈന സന്ദർശനം തുടങ്ങി. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിച്ചത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ഉയർന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനിൽ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ പ്രത്യേക ചർച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല. പക്ഷേ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളിൽ വിഷയം ഉയർന്നുവരുമെന്ന് ഉറപ്പാണ്. ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകൾ.
അതേസമയം അമേരിക്ക ചുമത്തിയ അധിക തീരുവ സാഹചര്യം കേന്ദ്ര സർക്കാർ വിലയിരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. പ്രതിസന്ധി മറികടക്കാൻ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകൾ തുടരുകയാണ്. അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുക എന്ന നിർദ്ദേശമാണ് വ്യവസായികളും പ്രധാനമായും മുന്നോട്ട് വച്ചത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. നാൽപ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഒക്ടോബറോടുകൂടി യാഥാർത്ഥ്യമാക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്ത് നിന്നും സജീവമാക്കിയിട്ടുണ്ട്