കൊച്ചി: നവാസിൻ്റെ മരണത്തിൽ ഞെട്ടി സഹപ്രവർത്തകരും പ്രേക്ഷകരും
ചലച്ചിത്ര ലോകത്തേക്ക് എത്തിയിട്ട് മുപ്പത് വർഷമായെങ്കിലും വളരെ സജീവമായൊരു സിനിമാ ജീവിതമായിരുന്നില്ല നവാസിൻ്റേത്. എന്നാൽ മിമിക്രി വേദിയിലൂടെ സിനിമയിലേക്ക് എത്തുകയും ഒട്ടനവധി ഹാസ്യകഥാപാത്രങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്ത നവാസ് എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായിരുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകുന്നതിനിടെ അകാലത്തിൽ മരണം നവാസിനെ കൊണ്ടു പോകുന്നത്.
ഒട്ടനവധി കലാകാരൻമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച കലാഭവനിൽ നിന്നും തന്നെയാണ് നവാസിൻ്റേയും രംഗപ്രവേശനം. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷൻ 500, ഏഴരക്കൂട്ടം, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്‌ലർ ബ്രദേഴ്‌സ്, ബസ് കണ്ടക്ടർ, കിടിലോൽ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈ ഡിയർ കരടി, ചന്ദാമാമ, വൺമാൻ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെൺകുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നിലവിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന പ്രകമ്പനം എന്ന ചിത്രത്തിൽ നവാസ് അഭിനയിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം സിനിമയുടെ ഷൂട്ടിംഗ് സെറ്റിലുണ്ട്. ഇന്നതോടെ അദ്ദേഹത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി. ലൊക്കേഷനിൽ നിന്നും തിരികെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ എത്തിയ നവാസ് വൈകിട്ടോടെ ആലുവയിലേക്ക് വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും നവാസ് ഹോട്ടൽ റൂമിൽ നിന്നും പുറത്തേക്ക് വരാതിരുന്ന കണ്ട ജീവനക്കാർ റൂമിലെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ അന്വേഷിച്ച ചെന്ന റൂം ബോയ് ആണ് തുറന്നിട്ട റൂമിനുള്ളിൽ നിലത്ത് വീണു കിടക്കുന്ന രീതിയിൽ നവാസിനെ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ ചേർന്ന് ഉടനെ നവാസിനെ അടുത്തുള്ള ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ചോറ്റാനിക്കര പൊലീസ് ആശുപത്രിയിലെത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
നാടക – സിനിമാനടനായിരുന്ന അബൂബക്കറിൻ്റെ മകനായി തൃശ്ശൂർ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. കലാഭവനിലൂടെ ശ്രദ്ധേയനായ അദ്ദേഹം നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിരുന്നു.സഹോദരനും നടനുമായ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന പേരിൽ മിമിക്രി ട്രൂപ്പ് രൂപീകരിച്ചും അദ്ദേഹം പരിപാടികൾ നടത്തിയിരുന്നു.ചലച്ചിത്ര നടി കൂടിയായിരുന്ന രഹ്നയാണ് നവാസിൻ്റ ഭാര്യ. വിദ്യാർത്ഥികളായ നഹറിൻ, റിദ്വാൻ, റിഹാൻ എന്നിവർ മക്കളാണ്.