തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില ഉയരുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 9400 രൂപയായി. പവന് 160 രൂപ വർധിച്ച് 75200 രൂപയുമായിട്ടുണ്ട്. ആഭ്യന്തര മാർക്കറ്റിലെ ഏറ്റവും ഉയർന്ന വിലയാണിത്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 10000 രൂപയ്ക്ക് അടുത്ത് ആയിട്ടുണ്ട്. അന്താരാഷ്ട്ര സ്വർണ്ണവില 3378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും ആണ്.
പ്രസിഡന്‍റ് ട്രംപിന്റെ പുതിയ താരിഫ് വർധനയാണ് വില കൂടാനുള്ള പ്രധാന കാരണം. ജൂൺ 14 -ാം തീയതി 3500 ഡോളർ അന്താരാഷ്ട്ര വില വന്നപ്പോൾ ആയിരുന്നു ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. അന്ന് രൂപയുടെ വിനിമയ നിരക്ക് 84 ൽ ആയിരുന്നു. ഇന്നിപ്പോൾ 3378 ഡോളർ അന്താരാഷ്ട്ര വിലയായപ്പോൾ രൂപയുടെ വിനിമയ നിരക്ക് 87.70 വന്നതാണ് സ്വർണ്ണവിലയിൽ വലിയ മാറ്റം ഉണ്ടായത്.
ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകേണ്ടി വരും. ഓണവും വിവാഹ സീസണും എത്തിയതോടെ സ്വർണ്ണവില വർധനവ് ഉപഭോക്താക്കളെയും, വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.