ഷാര്‍ജ: ഇത്തിഹാദ് റെയിലിന്‍റെ പാസഞ്ചര്‍ സ്റ്റേഷന്‍ ഷാര്‍ജയില്‍ തുറക്കുന്നു. ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്ക് സമീപമാണ് എമിറേറ്റിലെ ആദ്യ സ്റ്റേഷൻ വരുന്നത്. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ യുഎഇയുടെ വിവിധ എമിറേറ്റുകളിലേക്കുള്ള യാത്ര സുഗമമാകും. ഷാർജയിൽ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷൻ തുറക്കുന്നത് എമിറേറ്റിന്‍റെ വികസനത്തിന് വലിയ സാധ്യതകൾ നൽകും.
പുതിയ റെയിൽവേ സ്റ്റേഷൻ വിദ്യാർത്ഥികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സർവകലാശാലകളിലെയും കോളേജുകളിലെയും പ്രവേശനം വർധിപ്പിക്കാനും ഇടയാക്കും. വസ്തുവില ഉയരും. ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിവിധ എമിറേറ്റുകളിൽ നിന്നുള്ള യാത്രക്കാർക്ക് സുഗമമായി എത്താനാകും. യുഎഇയിലെ ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ദുബായിക്കും ഷാർജയ്ക്കും ഇടയിലുള്ള പ്രധാന റോഡുകളിലെ തിരക്ക് വർധിക്കുന്നത് യാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ദുബായിലെ ജനസംഖ്യ ഉടൻ തന്നെ നാല് ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2022-ലെ സെൻസസ് അനുസരിച്ച് ഷാർജയിലെ ജനസംഖ്യ ഏകദേശം 1.8 ദശലക്ഷമാണ്. ഈ സാഹചര്യത്തിൽ പുതിയ റെയിൽവേ സ്റ്റേഷൻ യാത്രികർക്ക് വലിയ ആശ്വാസം നൽകും.
അടുത്തവർഷമാണ് ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസുകൾ ആരംഭിക്കുക. ഷാർജയിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യൂണിവേഴ്‌സിറ്റി ബ്രിഡ്ജിന് സമീപം മലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണ് താത്കാലികമായി അടച്ചത്. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നീ നാലു പാസഞ്ചർ സ്റ്റേഷനുകൾ മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.