ദില്ലി: ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാന് സഹായ പ്രവാഹം. ഇന്ത്യ ആയിരം ടെൻറുകൾ എത്തിച്ചു. 15 ടൺ ഭക്ഷണ സാമഗ്രികൾ ഭൂകമ്പബാധിത പ്രദേശത്തേക്ക് ഇന്ന് എത്തിക്കും. നാളെ മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളും എത്തിക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ച ശേഷമാണ് എസ്. ജയ്ശങ്കര്‍ സഹായം നൽകിയത്.
റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു.
നൂറ് കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു.