കൊച്ചി: വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇതോടെ ഒളിവിൽ കഴിയുന്ന രാഹുൽ കോടതി മുൻപാകെ കീഴടങ്ങാനുള്ള സാധ്യത ഇല്ലാതായി.
ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാർത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിൻറെ ഹർജിയിലെ വാദങ്ങൾ. വർഷങ്ങളോളം നീണ്ടു നിന്ന ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായപ്പോൾ മാത്രമാണ് യുവതി അതിനെ ബലാത്സംഗപരാതിയാക്കിയത് എന്നാണ് രാഹുൽ ഹർജിയിൽ പറയുന്നത്
അതേസമയം ഒൻപത് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനായുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. അന്വേഷണസംഘങ്ങൾ പലതായി പിരിഞ്ഞാണ് തെരച്ചിൽ. പാലക്കാട് നിന്നും തമിഴ്നാട്ടിലേക്ക് കടന്ന രാഹുലിനെ അതിവേഗം പിന്തുടർന്ന് പൊലീസ് എത്തിയെങ്കിലും നിരന്തരം വാസസ്ഥലവും വാഹനങ്ങളും മാറി രാഹുൽ കടന്നു കളയുകയാണ്. കർണാടകയിലെ മലയാളി റിയൽ എസ്റ്റേറ്റ് വ്യാപാരികളുടെ സംരക്ഷണയിലാണ് നിലവിൽ രാഹുൽ എന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം രാഹുലിനെതിരെ കിട്ടിയ രണ്ടാമത്തെ പരാതിയിൽ പൊലീസ് അതിവേഗം നടപടികളുമായി മുന്നോട്ട് പോകുകയാണ്. പരാതിക്കാരിയുടെ വിവരങ്ങൾ പുറത്താവാതെ അന്വേഷണം നടത്തണമെന്ന കർശന നിർദേശം ഡിജിപി പൊലീസിന് നൽകിയിട്ടുണ്ടെന്നാണ് സൂചന,.




