കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റിനായി ലീഗിൽ സമ്മർദ്ദം ശക്തമാക്കി പ്രവാസികളുടെ സംഘടനയായ കെഎംസിസി. മുൻപും പ്രവാസി ക്വോട്ടയെന്ന പേരിൽ ലീഗിൻ്റെ സ്ഥാനാർത്ഥികൾ മത്സരിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം വ്യവസായ പ്രമുഖർക്കാണ് കിട്ടിയിരുന്നത്. സാധാരണക്കാരായ പ്രവാസികളുടെ പ്രതിനിധി സ്ഥാനാർത്ഥിയാവുന്നതിനാണ് തങ്ങൾ കാത്തിരിക്കുന്നതെന്ന് കെഎംസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്മാൻ പറഞ്ഞു.
കഴിഞ്ഞ 45 വർഷമായി കെഎംസിസി ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാൽ ഇനി അങ്ങനെയല്ല. കെഎംസിസിക്ക് വേണ്ടിയുള്ള നിയമസഭാ സീറ്റിനായി സംസ്ഥാന എക്സിക്യൂട്ടീവിൽ അടക്കം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അസംബ്ലി സീറ്റുകൾ മാത്രം പോരെന്നും ബോർഡുകളിൽ അടക്കം പ്രാതിനിധ്യം വേണമെന്നുമാണ് കെഎംസിസിയുടെ നിലപാടെന്ന് പുത്തൂർ റഹ്മാൻ വ്യക്തമാക്കി.
ഏതെങ്കിലും പ്രത്യേക സീറ്റോ സ്ഥാനാർത്ഥിയേയോ കെഎംസിസി ലീഗ് നേതൃത്വത്തോടെ ആവശ്യപ്പെടുകയോ നിർദേശിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ സുരക്ഷിത മണ്ഡലങ്ങളിലൊന്ന് കെഎംസിസിക്ക് വേണം എന്നാണ് അവരുടെ ആവശ്യം. തിരൂരങ്ങാടി പോലുള്ള സീറ്റുകളിൽ പ്രവാസി സംഘടന താത്പര്യം പറയാതെ പറയുകയും ചെയ്യുന്നുണ്ട്.




