ജിദ്ദ: പ്രവാസലോകത്തെ വായനക്കാരെയും പുസ്തകപ്രേമികളെയും ഒന്നിപ്പിക്കുന്ന ജിദ്ദ വായനക്കൂട്ടം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സീസൺസ് റെസ്റ്റോറൻ്റിൽ വച്ചു നടന്ന ഇഫ്താർ സംഗമത്തിൽ ജിദ്ദ വായനക്കൂട്ടം അംഗങ്ങളും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു. വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സീസൺസ് റെസ്റ്റോറന്റ് മാനേജിങ് ഡയറക്ടർ സക്കീർ പുളിക്കൽ മുഖ്യാതിഥിയായിരുന്നു.
ഇഫ്താർ സംഗമത്തിനിടെ വായനക്കൂട്ടം അംഗങ്ങളായ സാക്കിർ ഹുസൈൻ എടവണ്ണയുടെയും ലൈല ടീച്ചറുടെയും മുപ്പതാം വിവാഹവാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഇവരുടെ ദാമ്പത്യയാത്രയ്ക്ക് വായനക്കൂട്ടം സ്നേഹാശംസകൾ നേർന്നു. കൂടാതെ, ജിദ്ദാ കലാസാഹിതിയുടെ പ്രസിഡന്റായി നിയമിതനായ വായനക്കൂട്ടത്തിന്റെ പ്രിയപ്പെട്ട നൗഷാദ് അടൂരിനെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു.

നാസിമുദ്ധീൻ മണനാക്, അനിൽ കുമാർ ചക്കരക്കൽ, അബ്ദുൽ ഖദർ കള്ളിവളപ്പിൽ, നാസർ സൈൻ, പ്രിൻസാദ് പാറായി, മുജീബ് മുത്തേടത്ത്, അൻവർ കല്ലമ്പലം, സിദ്ദിഖ് പുല്ലങ്കോട്, ശരീഫ് വാഴക്കാട്, ഇർഷാദ് ആലപ്പുഴ, ഫസലുള്ള വെള്ളുവമ്പാലി, ഗഫൂർ വണ്ടൂർ, അൻവർ ബാബു ചോക്കാട് തുടങ്ങിയവർ സംസാരിച്ചു. എല്ലാ തിങ്കളാഴ്ചകളിലും പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ഗൗരവകരമായ സാഹിത്യ ചർച്ചകളും അവലോകനങ്ങളും നടത്തുകയും ചെയ്യുന്ന ജിദ്ദ വായനക്കൂട്ടം, പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും വായനയെയും സൗഹൃദത്തെയും ഒരേപോലെ ചേർത്തുപിടിക്കുന്നവരുടെ കൂട്ടയ്മയാണ് ജിദ്ദ വായനക്കൂട്ടം.




