ദുബായ്: ഇറാനിൽ ഇന്നു രാവിലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ ഇറാൻ, മണിക്കൂറുകൾക്ക് ഉള്ളിൽ ഗൾഫ് രാജ്യങ്ങളിലെ യു,എസ് താവളങ്ങളും ആക്രമിച്ചത് പശ്ചിമേഷ്യയിലും ആഗോളതലത്തിലും വലിയ ആശങ്കയ്ക്ക് കാരണമായി. ഇറാൻ്റെ പ്രത്യാക്രമണത്തിൽ വ്യക്തമായ ചിത്രം ഇതുവരെ വന്നിട്ടില്ല. അബുദാബിയിലും ദുബായിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായി സ്ഥിരീകരിക്കാത്ത അൽ ജസീറയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇറാൻ ഖത്തറിലേക്കും കുവൈത്തിലേക്കും മിസൈൽ ആക്രമണം നടത്തി. അബുദാബിയിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അടിച്ചിട്ടതിൻ്റെ ആണെന്നും വാർത്തകളുണ്ട്.
ആക്രമണത്തിന് പിന്നാലെ യുഎഇ വ്യോമപാത ഭാഗികമായി അടച്ചു. ഇസ്രയേൽ, ഇറാൻ, ഇറാഖ്, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നീരാജ്യങ്ങളുടെ വ്യോമപാതയും അടച്ചിരിക്കുകയാണ്.
ഖത്തറിലെ പ്രവാസികൾക്ക് ദോഹയിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും എംബസിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന വാർത്തകളും ഉപദേശങ്ങളും പാലിക്കണമെന്നും നിർദ്ദേശിക്കുന്നു. ഞങ്ങളുടെ എംബസി പതിവുപോലെ പ്രവർത്തിക്കുന്നു. എംബസിയുടെ 24×7 ഹെൽപ്പ്‌ലൈൻ നമ്പർ 00974-55647502 ആണ്, ഏത് സംശയത്തിനും ഇമെയിൽ വിലാസം cons.doha@mea.gov.in.




