ദുബായ്: യുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) സംഘടിപ്പിക്കുന്ന ‘Moms Wives ഐ.പി.എ. ഓണപ്പൂരം 2025’ സെപ്റ്റംബർ 14-ന് ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. പത്മശ്രീ നടൻ ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യുന്ന ഓണപ്പൂരം 2025 , കലാസാംസ്കാരിക വിസ്മയങ്ങളാൽ സമ്പന്നമാക്കുമെന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സി.ജെ. റോയ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുമെന്നും ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
പ്രശസ്ത ഡാൻസർ റംസാന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികൾ, എ.ആർ. റഹ്മാൻ ഗാനങ്ങളിലൂടെ പ്രശസ്തനായ നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്ന്, വൈറൽ ഗായകൻ ഹനാൻ ഷായുടെ ഗാനമേള എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടും. ആർ.ജെ മിഥുൻ രമേശ്, ബ്ലോഗർ ലക്ഷ്മി മിഥുൻ എന്നിവരും കലാപരിപാടികളിൽ പങ്കെടുക്കും. ഐ.പി.എ. ഫൗണ്ടർ ഫൈസൽ (മലബാർ ഗോൾഡ്), ചെയർമാൻ റിയാസ് കിൽട്ടൻ, വൈസ് ചെയർമാൻ അയൂബ് കല്ലട,ജനറൽ കൺവീനർ യൂനസ് തണൽ,പ്രോഗ്രാം കൺവീനർ ബിബി ജോൺ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ അറിയിച്ചത്.
ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ആരംഭിക്കുന്ന സാംസ്കാരിക പരിപാടികളോടെയാണ് ഓണപ്പൂരത്തിന്റെ പ്രധാന ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നടൻ ജയറാമിന്റെ വാദ്യമേളത്തോടെയാകും ആഘോഷ പരിപാടികൾ ആരംഭിക്കുക. യുഎഇയിലെ ഏകദേശം അമ്പതിനായിരത്തിലധികം പ്രവാസികൾക്ക് തൊഴിൽ അവസരം നൽകുന്ന ശക്തമായ ബിസിനസ് നെറ്റ്‌വർക്കാണ് ഐ പി എ . പ്രവാസി മലയാളികളുട ജീവിതത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ,ഓരോ വർഷവും ഓണാഘോഷങ്ങൾ പ്രത്യേകമായി സംഘടിപ്പിക്കാറുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.
ഈ വർഷം ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഓണപ്പൂരം, കലയും സംസ്കാരവും സംഗമിക്കുന്ന പ്രവാസി മലയാളികളുടെ വലിയ ആഘോഷ വേദികളിൽ ഒന്നായിരിക്കുമെന്ന് എ.കെ. ഫൈസൽ (മലബാർ ഗോൾഡ്), റിയാസ് കിൽട്ടൻ എന്നിവർ പറഞ്ഞു.മോംസ് ആൻഡ് വൈവ്സ് പരിപാടിയുടെ മുഖ്യ പ്രായോജകർ. വാർത്താസമ്മേളനത്തിൽ ഓണപ്പൂരത്തിന്റെ മറ്റു പ്രായോജകരായ പ്രീമിയർ ഓട്ടോ പാർട്സ് എം.ഡി ഷാനവാസ് അബൂബക്കർ, എമിറേറ്റ് ഫസ്റ്റ് മാനേജിങ് ഡയറക്ടർ ജമാദ് ഉസ്മാൻ, ഐ പി എ എക്സിക്യൂട്ടീവ് മെമ്പർമാരായ ഫിറോസ് അബ്ദുള്ള, ഫൈസൽ ഇബ്രാഹിം, ബൈജു, അൻവർ മാനംകണ്ടത്ത് തുടങ്ങിയവരും പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് പ്ലാറ്റിനം ലിസ്റ്റ് ലിങ്കായ https://sharjah.platinumlist.net/event-tickets/101424/onapooram വഴി വ്യത്യസ്ത നിരക്കുകളിലുള്ള ടിക്കറ്റുകൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.