ദില്ലി: എൻഎസ്എസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്നാണ് ഗവർണറുടെ ആരോപണം.
താൻ കേരളത്തിൽ ഉള്ളപ്പോൾ ആണ് പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ച് ബംഗാൾ ഗവർണറായി ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ടത്. കരയോഗം നൽകിയ പിന്തുണയാണ് തന്നെ സിവിൽ സർവ്വീസിലേക്ക് എത്തിച്ചത്. ആ നന്ദി കാരണമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താനായി പെരുന്നയിൽ എത്തിയത്. എൻഎസ്എസ് നേതൃത്വത്തെ അറിയിച്ചാണ് താൻ പോയത് എന്നിട്ടും അവഗണന നേരിട്ടു.
എല്ലാനായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്നും താനൊരു കരയോഗം നായരാണെന്നും സിവി ആനന്ദബോസ് പറഞ്ഞു. ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും ജി.സുകുമാരാൻ നായരുടെ പേരെടുത്ത് പറയാതെ ഗവർണർ ആനന്ദബോസ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ? ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ഗവർണർ പെരുന്നയിലുണ്ടായത് സങ്കടകരമായ സംഭവമെന്നും ചൂണ്ടിക്കാട്ടി. ദില്ലിയിൽ മന്നത്തിൻ്റെ സ്‌മാരകം നിർമ്മിക്കണമെന്നും സ്‌മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും സിവി ആനന്ദബോസ് വ്യക്തമാക്കി.




