തിരുവനന്തപുരം: രോഗിയെ എത്തിച്ചു കൊടുത്താൽ ഡ്രൈവർക്ക് സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിൻ്റെ വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷം. രോഗിയെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി, ഒരാൾക്ക് പതിനായിരം രൂപ എന്ന കണക്കിൽ കമ്മീഷൻ നൽകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജാണ് ഇന്നലെ കോഴഞ്ചേരിയിൽ നടന്ന പൊതുപരിപാടിയിൽ വെളിപ്പെടുത്തിയത്.
‘ആംബുലൻസ് ഡ്രൈവർമാർക്ക് തിരുവനന്തപുരത്തെ ആശുപത്രികൾ അയ്യായിരം രൂപ വരെ നൽകുന്നുണ്ട്. പത്ത് രോഗികളെ എത്തിച്ചാൽ ആംബുലൻസ് ഡ്രൈവർമാർക്ക് 50000 രൂപ ലഭിക്കും. രോഗികളുടെ ബില്ലിൽ നിന്നാണ് ആശുപത്രികൾ ഈ തുക തിരിച്ച് ഈടാക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് സ്വകാര്യ ആശുപത്രികളിൽ വൻതോതിൽ നിക്ഷേപം നടത്തിയത് ആഗോള മരുന്ന് കമ്പനികളാണ്. 80 ഉം 90 ഉം ശതമാനം ഓഹരി നിക്ഷേപം നടത്തിയ ഈ കമ്പനികൾ മറ്റ് സംസ്ഥാനങ്ങളിൽ ബെഡ് ഒന്നിന് ഒന്നര കോടി രൂപയാണ് നിക്ഷേപം നടത്തിയത്.’ എന്നാൽ കേരളത്തിൽ രണ്ടര കോടി രൂപയാണ് ഇവർ നിക്ഷേപിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മന്ത്രിയുടെ ആരോപണം അതിവേഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയായെങ്കിലും ആരോഗ്യമേഖലയിൽ ഇങ്ങനയൊരു ചൂഷണം നടന്നാൽ അതു തടയേണ്ട ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്ക് തന്നെ അല്ലേ എന്ന നിലയിലാണ് ചർച്ചകൾ മുന്നോട്ട് പോകുന്നത്. ഇത്രയും ഗുരുതരമായ വെളിപ്പെടുത്തൽ അറിഞ്ഞിട്ടും എന്ത് നടപടിയാണ് ആരോഗ്യമന്ത്രി സ്വീകരിച്ചതെന്നാണ് പ്രധാന ചോദ്യം.
ഇന്ന് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശൻ ‘പ്രതിപക്ഷമാണോ ആംബുലൻസ് ലോബിയെ നിയന്ത്രിക്കേണ്ടത് എന്നാണ് ചോദിച്ചത്. ഇത്ര ഗുരുതരമായ ആരോപണം ഉണ്ടായാൽ അതിൽ നടപടിയെടുക്കേണ്ടത് സർക്കാരാണ്. പ്രസംഗിക്കുകയല്ല പ്രവർത്തിക്കുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.




