കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച ജീവനക്കാരൻ അപകടമുണ്ടാക്കി ആളെ കൊന്നതോടെ കോടികളുടെ ബാധ്യതയും കേസും തലയിലായ അവസ്ഥയിലാണ് പ്രവാസി വ്യവസായിയും കോഴിക്കോട് കുറ്റ്യാടി സ്വദേശിയുമായ മംഗലശ്ശേരി നൗഫൽ.
ദുബായിൽ കറൻസി, ടാക്സ് കൺസൽട്ടൻസിയും ഓൺലൈൻ ഫുഡ് ഡെലിവറി സർവ്വീസും നടത്തുന്ന നൗഫൽ 2020 ഒക്ടോബറിൽ നാട്ടിൽ പോയപ്പോൾ ആണ് സംഭവം. ഈ സമയത്ത് നൗഫലിൻ്റെ ഓഫീസിലെ ജീവനക്കാരനായ മലപ്പുറം തിരൂർ സ്വദേശി ഫഹദ് അനുമതിയില്ലാതെ സ്ഥാപനത്തിൻ്റെ വാഹനവുമായി പുറത്തു പോയി. മദ്യലഹരിയിലായിരുന്ന ഫഹദ് ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരണപ്പെട്ടു. നിസ്സാര പരിക്കേറ്റ ഫഹദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് മുങ്ങി. ഇതോടെയാണ് വാഹന ഉടമയായ നൗഫൽ കുടുങ്ങിയത്.
അപകടത്തിൽ മരണപ്പെട്ട വ്യക്തിക്ക് കോടതി നിർദേശപ്രകാരം രണ്ടരലക്ഷം ദിർഹം (65 ലക്ഷം രൂപ) നഷ്ടപരിഹാരം അനുവദിച്ചു. എന്നാൽ ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതാണെന്നും ഇത്തരം അപകടങ്ങൾക്ക് തങ്ങൾ ഉത്തരവാദികളെല്ലെന്നും ഇൻഷുറൻസ് കമ്പനി കോടതിയിൽ നിലപാട് എടുത്തു. ഇത് അംഗീകരിച്ച കോടതി നഷ്ടപരിഹാരവും, പലിശയും, കോടതി ചെലുവകളും അടക്കം 4.16 ലക്ഷം ദിർഹം അഥവാ 1.2 കോടി രൂപ പിഴയായി വിധിച്ചു. എന്നാൽ ഡ്രൈവറായ ഫഹദ് രാജ്യം വിട്ടെന്ന് പൊലീസ് അറിയിച്ചതോടെ വാഹന ഉടമയായ നൗഫലിൽ നിന്നും തുട ഈടാക്കാൻ കോടതി വിധിക്കുകയായിരുന്നു. ഇതോടെയാണ് കേസിൽ കുടങ്ങിയ നൗഫൽ നാട്ടിലെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരാതി വടകര ഡിവൈഎസ്പിക്കും കുറ്റ്യാടി പൊലീസിനും കൈമാറി.
വാഹനാപകടവുമായി ബന്ധപ്പെട്ട കോടതി നടപടികളിൽ നൗഫൽ ഭാഗമാകാതിരുന്നതാണ് കേസിൽ തിരിച്ചടിയായത്. കേസിൽ കക്ഷി ചേരുകയും തൻ്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുകയം ചെയ്തിരുന്നുവെങ്കിൽ ഈ നടപടി ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്ന് നൌഫൽ പറയുന്നു കോടതി നടപടികൾ താൻ അറിയാതെ പോയതാണ് തിരിച്ചടിയായതെന്നും നൌഫൽ പറയുന്നു




