തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം വിധി പറഞ്ഞത്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് രണ്ട് പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ആസ്‌ത്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്.
ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി പ്രതിയെ വെറുതെവിട്ടിരുന്നു.
അന്ന് വിദേശ പൗരന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെടുത്ത് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണ് കേസ്. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്കു പാകമാവുന്നതല്ലെന്ന കണ്ടെത്തലാണ് പിന്നീട് ഹൈക്കോടതി ഇയാളെ വെറുതെവിടാന്‍ കാരണമായത്.
മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതലിലെ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് 1994ല്‍ ആന്റണി രാജുവിനും കോടതി ജീവനക്കാരനായ കെ എസ് ജോസിനുമെതിരേ കേസെടുക്കുകയായിരുന്നു. കെ എസ് ജോണ്‍ ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്.




