ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ കൂടുതൽ സർവ്വീസുകളുമായി എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസ്സും. ഇന്ന് മാത്രം യുഎഇയിലേക്ക് 32 പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് എയർലൈനുകൾ അറിയിച്ചത്. സൗദി അറേബ്യയുടെയും ഒമാൻറെയും വ്യോമപാതകൾ തുറന്നുതന്നെ കിടക്കുന്നതിനാൽ ഇവിടങ്ങളിലേക്കുള്ള നിശ്ചിത സർവീസുകൾ മുടക്കമില്ലാതെ തുടരും.
ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാർച്ച് 10ന് ക്രമീകരിച്ചിരിക്കുന്നത്. ദുബായിലേക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സർവീസ് നടത്തുക. എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ദില്ലിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് ദുബായിലേക്ക് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബുദാബി, ഷാർജ (മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബെംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേക്ക് ആകെ 18 സർവീസുകൾ നടത്തും.
ജിദ്ദയിലേക്ക് ആകെ 14 സർവീസുകൾ ഉണ്ടാകും. ദില്ലി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ. എയർ ഇന്ത്യ എക്‌സ്‌പ്രസ് മസ്‌കറ്റിലേക്ക് 14 സർവീസുകൾ നടത്തും. ദില്ലി, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവയ്‌ക്കൊപ്പം കേരളത്തിലെ കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും.
യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ എയർലൈനുകൾ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് വെബ്‌സൈറ്റ് എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴി റീബുക്കിംഗ് അല്ലെങ്കിൽ ക്യാൻസലേഷൻ റിക്വസ്റ്റുകൾ നൽകാം. യുഎഇയിൽ നിന്ന് യാത്ര ബുക്ക് ചെയ്തവർക്ക് അധിക നിരക്കുകളില്ലാതെ ഇന്ത്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും വിമാനങ്ങൾ റീബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും.




