മലപ്പുറം: മുസ്ലീംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തരെ സ്വന്തം ക്യാംപിലേക്ക് ചാടിക്കാൻ നീക്കവുമായി ഇടതുപക്ഷം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അബ്ദുറഹ്മാൻ രണ്ടത്താണിയുമായി മലപ്പുറത്തെ സിപിഎം നേതാക്കൾ ആശയവിനിമയം ആരംഭിച്ചു.
തിരൂരങ്ങാടി സീറ്റ് അവർ രണ്ടത്താണിക്ക് വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. ഇടതുപക്ഷത്ത് സിപിഐക്ക് അനുവദിച്ച സീറ്റാണ് തിരൂരങ്ങാടി. സിപിഐ സമ്മതിച്ചാൽ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം എന്നാണ് നിലവിലെ ധാരണ. ഇതിനു രണ്ടത്താണി സമ്മതമറിയിച്ചു എന്നാണ് വിവരം. എന്നാൽ ഇടതുമായി ചർച്ച നടത്തിയ കാര്യം രണ്ടത്താണി പരസ്യമായി സമ്മതിക്കാൻ തയ്യാറായിട്ടില്ല. തിരൂരങ്ങാടി വിട്ടുതരാൻ സിപിഐ വിസമ്മതം പറഞ്ഞാൽ വള്ളിക്കുന്ന് സീറ്റും സിപിഎം രണ്ടത്താണിക്ക് വേണ്ടി പരിഗണിക്കുന്നുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും താനൂരിൽ പ്രചരണത്തിന് ഇറങ്ങാത്ത മന്ത്രി വി.അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയേക്കും എന്നാണ് ഒടുവിൽ വരുന്ന വിവരം. . മന്ത്രി അബ്ദുറഹ്മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മന്ത്രി പിന്മാറിയാൽ മുസ്തഫ വടശ്ശേരിയെ താനൂരിൽ മത്സരിപ്പിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. അതേസമയം ഇടതുസ്ഥാനാർത്ഥിയാവാനില്ലെന്ന് മുസ്ലീംലീഗ് നേതാവ് ഷാഫി ചാലിയം വ്യക്തമാക്കി.




