കുവൈറ്റ് സിറ്റി: സംഘർഷ സാഹചര്യം തുടരുന്നതിനിടെ കുവൈത്തിലേക്കുള്ള എല്ലാ കര അതിർത്തികളും തുറന്ന് സൗദ്ദി അറേബ്യ. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്നതിനുള്ള മാതൃകാപരമായ നീക്കമാണിതെന്ന് സൗദ്ദി അറേബ്യൻ സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
കുവൈത്ത് ഭരണകൂടത്തിൽ നിന്നും പ്രത്യേകിച്ച് അഭ്യർത്ഥന ഇല്ലാതെ സ്വമേധയായാണ് സൗദി ഭരണകൂടം കര അതിർത്തിയിലെ എല്ലാ റോഡുകളും തുറക്കാൻ തീരുമാനിച്ചത്.യാത്ര സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഖഫ്ജി അതിർത്തിയിൽ മാത്രം 44 പാതകളാണ് സൗദി പാസ്‌പോർട്ട് വിഭാഗം തുറന്നത്. ഈ പാതകൾ 24 മണിക്കൂറും പ്രവർത്തിക്കും.
കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുന്ന സാഹചര്യത്തിൽ, വിദേശങ്ങളിലേക്ക് പോകേണ്ടവർക്കും തിരികെ വരുന്നവർക്കും ഈ നീക്കം വലിയ ആശ്വാസമാകും. അവശ്യസാധനങ്ങളുടെയും ചരക്കുകളുടെയും നീക്കം തടസ്സപ്പെടാതിരിക്കാനും ട്രക്കുകൾക്ക് വേഗത്തിൽ കടന്നുപോകാനുള്ള സൗകര്യവും അതിർത്തികളിൽ ഒരുക്കിയിട്ടുണ്ട്.
കുവൈറ്റും സൗദി അറേബ്യയും ഒരേ ജനതയും ഒരു രാജ്യവും പോലെയാണെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ സൗദി നൽകുന്ന ഈ പിന്തുണക്ക് വലിയ നന്ദിയുണ്ടെന്നും കുവൈറ്റ് വൃത്തങ്ങൾ പ്രതികരിച്ചു. 1990-ലെ ഇറാഖ് അധിനിവേശ കാലത്തെന്നപോലെ, ഈ പ്രതിസന്ധി ഘട്ടത്തിലും സൗദി തങ്ങളുടെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
അതിർത്തികളിൽ സുരക്ഷയും ക്രമീകരണങ്ങളും ഉറപ്പാക്കാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും സജീവമായി രംഗത്തുണ്ട്. കരമാർഗ്ഗം യാത്ര ചെയ്യുന്നവർ സൗദി ട്രാൻസിറ്റ് വിസകളും മറ്റ് യാത്രാ രേഖകളും കയ്യിൽ കരുതണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുവൈറ്റിൽ നിന്നുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗദി വിമാനത്താവളങ്ങളെ ആശ്രയിക്കാൻ ഈ തീരുമാനം വഴിതുറക്കും.




