ദുബായ്/ കോഴിക്കോട്- മലയാളത്തിന്റെ പ്രിയകഥാകാരൻ എസ്.കെ. പൊറ്റക്കാട്ടിന്റെ തൂലികയിൽ പിറന്ന ‘ഒരു തെരുവിന്റെ കഥ’യുടെ ആത്മാവ് കുടികൊള്ളുന്ന മിഠായിത്തെരുവിൽ സാഹിത്യസ്മരണയുടെ പുതുവഴിയേ വിരിഞ്ഞു മറ്റൊരു കഥ. കാലത്തെ അതിജീവിച്ചു മിഠായിത്തെരുവിൽ തലയുയർത്തി നിൽക്കുന്ന എസ്.കെ.യുടെ ശില്പത്തിന് ചാരെ ഒരു തെരുവിൽ നിന്ന് മറ്റൊരു തെരുവിലേക്കുള്ള അക്ഷരദൂരം കുറിച്ചുകൊണ്ട് സാദിഖ് കാവിലിന്റെ ‘മംഗളൂരു’ എന്ന നോവൽ പ്രകാശനം ചെയ്തു.
എസ്.കെയുടെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ശശീന്ദ്രന് ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മനോരമ ബുക്സ് ആണ് മംഗളൂരുവിലെ തെരുവോരങ്ങളുടെ കഥ പറയുന്ന ഈ നോവലിന്റെ പ്രസാധകർ.
അനുഭവങ്ങളുടെ പൊള്ളലില്ലാതെ ആർക്കും ഒരു തെരുവിന്റെ കഥയെഴുതാനാവില്ലെന്ന് സുമിത്ര ജയപ്രകാശ് പറഞ്ഞു. അച്ഛന്റെ നോവലിലെ ഓരോ കഥാപാത്രവും മാംസവും രക്തവുമുള്ള മനുഷ്യരായിരുന്നുവെന്ന് അവർ സ്മരിച്ചു. അച്ഛന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ശേഷമുള്ള ഒരു വേദിയിൽ ഒരാൾ ഒരു പൂച്ചട്ടി കൊണ്ടുവച്ച് നിശബ്ദം നടന്നുപോയി. വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പറഞ്ഞത്, അത് നോവലിലെ ‘ഓമൽജി’ എന്ന കഥാപാത്രമാണെന്ന്. അതുപോലെ വിഷകന്യകയിലെ കഥാപാത്രങ്ങളും വയനാടിന്റെ മണ്ണിൽ ജീവിച്ചിരുന്നവരാണെന്ന് അന്ന് വയനാട്ടിൽ നിന്നെത്തിയ കന്യാസ്ത്രീകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവിലെ തെരുവുകളെ സാദിഖ് കാവിൽ എങ്ങനെ ആവാഹിച്ചുവെന്ന് ഈ നോവൽ പറഞ്ഞുതരുമെന്നും സുമിത്ര ജയപ്രകാശ് പറഞ്ഞു.
മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ഒരു തെരുവിന്റെ കഥയുണ്ടായ മണ്ണിൽ വച്ചുതന്നെ മറ്റൊരു തെരുവിന്റെ കഥ പ്രകാശനം ചെയ്യുന്നത് രണ്ട് കാലഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അപൂർവ്വ നിമിഷമായി മാറിയെന്ന് പി.പി.ശശീന്ദ്രൻ പറഞ്ഞു. അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ മിഠായിത്തെരുവിന്റെ വൈകുന്നേരത്തിന് സാഹിത്യത്തിന്റെ ഹൃദ്യമായ ഗന്ധമാണ് അനുഭവപ്പെട്ടതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കവി മുരളി മംഗലത്ത് പറഞ്ഞു. മാധ്യമപ്രവർത്തകൻ എം.ഫിറോസ് ഖാൻ മുഖ്യാതിഥിയായിരുന്നു. മഹേഷ് പൌലോസ്, മുസ്തഫ ഒലിവ്, ബോബൻ ശ്രീധരൻ, പ്രശോഭ് രവി, സ്മിത വിനോദ്, ഇസ മറിയം കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.




