ദില്ലി: തിങ്കളാഴ്ച ഇന്ത്യയിലേക്കുള്ള രണ്ട് മണിക്കൂർ നീണ്ട ഹ്രസ്വ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി വിപുലമായ ചർച്ചകൾ നടത്തി. ആണവ റിയാക്ടറുകൾ, എ.ഐ, പ്രതിരോധം, ഊർജ്ജ സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ചർച്ചകളാണ് ഇരുനേതാക്കളും നടത്തിയതെന്നാണ് സൂചന.
“അങ്ങേയറ്റം ഊഷ്മളവും അടുത്തതുമായ ബന്ധം” പങ്കിടുന്ന രണ്ട് നേതാക്കളുടേയും നേതൃത്വത്തിൽ പ്രതിനിധി തലത്തിലും ചർച്ചകൾ നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ ആഴവും വ്യാപ്തിയും അടിവരയിടുന്ന നിരവധി കരാറുകളും ധാരണാപത്രങ്ങളും ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ കൈമാറി.
അബുദാബി, ദുബായ് രാജകുടുംബങ്ങളിലെ അംഗങ്ങളും ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ മക്തൂം ഉൾപ്പെടെയുള്ള പ്രധാന മന്ത്രിമാരും യുഎഇ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
ഊർജ്ജ സുരക്ഷ ചർച്ചകളിൽ പ്രധാന ഇടം നേടി. 2028 മുതൽ പ്രതിവർഷം 0.5 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ADNOC ഗ്യാസും തമ്മിൽ 10 വർഷത്തെ എൽഎൻജി വിതരണ കരാറിൽ ഒപ്പുവെച്ചു. ഈ കരാർ യുഎഇയെ ഇന്ത്യയിലെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരിൽ ഒന്നാക്കി മാറ്റുന്നു. ആഗോള അസ്ഥിരതയ്ക്കിടയിൽ ഇന്ത്യയുടെ ദീർഘകാല ഊർജ്ജ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിൽ യുഎഇയുടെ വർദ്ധിച്ചുവരുന്ന പങ്കും ഇതോടെ അരക്കെട്ടുറപ്പിക്കുകയാണ്.




