ദുബായ്: പണത്തിന് പകരം സ്വർണ്ണം ചിലവഴിച്ച് ദൈനംദിന കാര്യങ്ങൾ നടത്തിയാലോ? സ്വർണ്ണം വിനിമയ ഉപാധിയായ മാസ്റ്റർകാർഡ് വിപണിയിലിറക്കി ഓ ഗോൾഡ്. വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വർണ്ണത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ഓ ഗോൾഡ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലൈഫ് സ്റ്റൈൽ സൂപ്പർ ആപ്പ് ആയി റീ ലോഞ്ച് ചെയ്തതായും ബന്ധപ്പെട്ടവർ ദുബായിൽ അറിയിച്ചു.
പുതിയ മാസ്റ്റർകാർഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണ്ണം ചിലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകും. ഓ ഗോൾഡിൻ്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കൾക്ക്, സ്വർണ്ണം പരമ്പരാഗത രീതിയിൽ വിൽക്കാതെ തന്നെ പണത്തിന് സമാനമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിത്. ഓ ഗോൾഡ് മാസ്റ്റർ കാർഡ് ഉപയോഗിച്ച് കോഫീ ഷോപ്പിൽ കയറി ഒരു കപ്പ് കാപ്പി കുടിക്കാനും ഗ്രോസറി കടയിൽ കയറി സാധനങ്ങൾ വാങ്ങാനും സാധിക്കും. ഇത്തരത്തിലുള്ള ഓരോ ഇടപാടും ലളിതവും സുരക്ഷിതവും പൂർണ്ണമായും ശരീഅ നിയമങ്ങൾക്ക് അനുസൃതവും ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. മവാറിദ് ഫിനാൻസും മാസ്റ്റർകാർഡുമായി ചേർന്നാണ് ഈ നൂതന സംവിധാനം പ്രാവർത്തികമാക്കിയത്.
മാസ്റ്റർ കാർഡ് ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും ഇളവുകളും ഓ ഗോൾഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. എയർപോർട്ടുകളിലെ ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെന്ററി എൻട്രി, ഹോട്ടലുകളിൽ ലഭിക്കുന്ന ഇളവുകൾ, വൻകിട ബ്രാൻഡ് ഉൽപന്നങ്ങൾ വാങ്ങുമ്പോഴുള്ള ഓഫറുകൾ, റെസ്റ്റോറന്റ്, ഇ-കൊമേഴ്‌സ്, എന്റർടെയിൻമെന്റ് മേഖലകളിൽ ലഭിക്കുന്ന ഇളവുകൾ തുടങ്ങിയവ അവയിൽ ചിലതാണ്.
ഓ ഗോൾഡ് മാസ്റ്റർ കാർഡ് ഉപയോഗിച്ച് എണ്ണായിരത്തിൽപരം ഇന്റർനാഷനൽ ബ്രാൻഡ് ഉൽപന്നങ്ങൾ വാങ്ങാനാകും. ഇവയുടെ വൗച്ചറുകളും ഗിഫ്റ്റ് കാർഡുകളും ആപ്പ് ഉപയോഗിച്ചുതന്നെ റെഡീം ചെയ്യാം. വിദേശ യാത്രകൾ ചെയ്യുന്നവർക്ക് ആവശ്യമായ ഇ-സിം കാർഡുകൾ, റിവാർഡുകൾ, ലോയൽറ്റി പ്രോഗ്രാമുകൾ തുടങ്ങിയവയും ആപ്പ്് മുഖേന ലഭ്യമാക്കാം.
ആധുനിക സമ്പദ വ്യവസ്ഥയിൽ സ്വർണ്ണ ഉപഭോഗത്തെ പുനർ നിർവചിക്കുകയാണ് ഓ ഗോൾഡ് എന്ന് ഫൗണ്ടർ ബന്ദർ അൽ ഒത്ത്മാൻ പറഞ്ഞു. ‘ഇതാദ്യമായി, സ്വർണ്ണം വെറും ഒരു നിക്ഷേപം മാത്രമല്ലാതായി മാറിയിരിക്കുകയാണ്. ദൈനംദിന ആവശ്യങ്ങൾക്കായി ചിലവഴിക്കുന്ന, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒന്നായി മാറിയിരിക്കുകയാണ് സ്വർണ്ണം. ലോകത്തിൽ തന്നെ ഇതാദ്യമായി സ്വർണ്ണം മുതൽമുടക്കായുള്ള ക്രിയവിക്രയ സൂപ്പർ ആപ്പിന് തുടക്കമിടുന്നതിലൂടെ ധന സംരക്ഷണ രംഗത്തും, മൂല്യാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലും ദൈനംദിന ഉപഭോഗ മേഖലയിലും പുതിയൊരു കാറ്റഗറി തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഞങ്ങൾ’-അദ്ദേഹം പറഞ്ഞു.
പേമെന്റുകൾക്കും ലൈഫ് സ്റ്റൈൽ ആവശ്യങ്ങൾക്കും ദീർഘകാല സാമ്പത്തിക സുരക്ഷിതത്വത്തിനുമായി ഒരു ഏകീകൃത സംവിധാനം കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യമെന്ന് ഓ ഗോൾഡ് സി.ഇ.ഒ. അഹമ്മദ് അബ്ദുൽ തവാബ് ചൂണ്ടിക്കാട്ടി. ‘എട്ട് ലക്ഷത്തിൽപരം ഉപയോക്താക്കളുടെ പിൻബലത്തോടെ, ദൈനംദിന സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണ്ണം എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ ആഗോള സൂചികയായി ഓ ഗോൾഡ് സൂപ്പർ ആപ്പ് മാറിയിരിക്കുകയാണ്’-അദ്ദേഹം പറഞ്ഞു.
വളരെ കുറഞ്ഞ അളവിലുള്ള സ്വർണ്ണ നിക്ഷേപത്തിലൂടെ ക്രയവിക്രയവും ദൈനംദിന ചിലവഴിക്കലുകളും സാധ്യമാക്കുന്ന ഓ ഗോൾഡ് സൂപ്പർ ആപ്പ്, മികച്ച ലാഭം നേടാനും ഓട്ടോ സേവ് എസ്.ഐ.പി.കളിലൂടെ നിക്ഷേപം ഉറപ്പാക്കാനും അനന്തരാവകാശികളെ നോമിനേറ്റ് ചെയ്യാനും സഹായകമാകും. സ്വർണ്ണ വില നിരീക്ഷിക്കാനും ലാഭ-നഷ്ട കണക്കുകളുടെ സ്‌റ്റേറ്റ്‌മെന്റുകൾ അപ്പപ്പോൾ ലഭിക്കാനും ഈ സൂപ്പർ ആപ്പിൽ സംവിധാനമുണ്ട്.
ഓ ഗോൾഡ് നിക്ഷേപകർക്കായി പ്രമുഖരും വിശ്വസ്തരുമായ വിതരണക്കാരിൽ നിന്നാണ് സ്വർണ്ണം വാങ്ങുന്നത്. മികച്ച നിരക്കും ഇൻഷൂറൻസ് പരിരക്ഷയുള്ള സ്‌റ്റോറേജ് സംവിധാനവും ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുന്ന നയവും ഓ ഗോൾഡിനെ ഈ രംഗത്തെ മുൻനിരക്കാരാക്കി നിലനിർത്തുന്നു. സ്വർണത്തിന് 2025- ൽ അനുഭവപ്പെട്ട വൻ വിലക്കയറ്റം മൂലധനമാക്കിയാണ് ഓ ഗോൾഡ് ആപ്പ് ഈയൊരു നേട്ടത്തിലേക്ക് കുതിച്ചത്.




