ടെഹ്റാൻ: അമേരിക്കയുടെ ആക്രമണഭീഷണിക്ക് പിന്നാലെ വ്യോമപാത ഭാഗികമായി അടച്ച് ഇറാൻ. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി ഇറാൻ്റെ വ്യോമപരിധിയിൽ പ്രവേശിപ്പിക്കൂ. സുരക്ഷ മുൻനിർത്തിയാണ് വ്യോമപാത അടച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ ഇറാൻ ഒഴിവാക്കിയാണ് എയർഇന്ത്യയും ഇൻഡിഗോയും അടക്കമുള്ള വിമാനങ്ങൾ സർവ്വീസ് നടത്തുന്നത്. റൂട്ട് മാറ്റം സംബന്ധിച്ച് വിമാനക്കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ ഇറാൻ്റെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തന്നെ എല്ലാ വിമാനക്കമ്പനികളും ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഇക്കാരണത്താൽ യാത്രസമയത്തിൽ മാറ്റമുണ്ടാകുമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ നോക്കി യാത്രക്കാർ ഉറപ്പാക്കണമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.
“ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാൻ കഴിയാത്ത വിമാനങ്ങൾ തത്കാലം റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു”- എയർ ഇന്ത്യ അറിയിപ്പിൽ പറയുന്നത്. ഇൻഡിഗോയും സമാന അറിയിപ്പ് നൽകിയിട്ടുണ്ട്.




