കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ശക്തമായ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലമായി തൃപ്പൂണിത്തുറ. തദ്ദേശതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം പിടിച്ചത് ബിജെപിയാണ്. ഇതോടെ ബിജെപി വൻ പ്രതീക്ഷയാണ് മണ്ഡലത്തിൽ വച്ചു പുലർത്തുന്നത്. നിലവിൽ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.ബാബുവാണ് ഇവിടുത്തെ എംഎൽഎ. 2016-ൽ എം.സ്വരാജിനോട് തോറ്റ ബാബു 2021-ൽ മണ്ഡലം 992 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ ബാബു വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു ഉറപ്പ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ബാബു എടുക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്. വീണ്ടും മത്സരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ബാബുവിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. മത്സരിക്കാൻ ബാബു സമ്മതമറിയിച്ചാൽ പിന്നെ മണ്ഡലത്തിൽ മറ്റൊരു പേരിലേക്ക് കോൺഗ്രസ് പോകില്ല. എന്നാൽ ബാബു ഇല്ലാത്ത പക്ഷം ചലച്ചിത്ര നടൻ രമേശ് പിഷാരടിയാണ് പാർട്ടി നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളത്. ഇക്കാര്യത്തിൽ പിഷാരടി പിടി കൊടുത്തിട്ടില്ലെങ്കിലും ചർച്ചകൾ സജീവമാണ്.
എം.സ്വരാജ് തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് ഇടതുപാളയത്തിൽ നിന്നുള്ള സൂചനകൾ. മുൻമേയർ എം.അനിൽകുമാറിൻ്റെ പേരാണ് നിലവിൽ പറഞ്ഞു കേൾക്കുന്നത്. നഗരസഭ പിടിച്ച ആത്മവിശ്വാസത്തിൽ മത്സരത്തിന് ഇറങ്ങുന്ന ബിജെപി കെവിഎസ് ഹരിദാസ്, പിആർ ശിവശങ്കർ എന്നിവരെയാണ് സീറ്റിലേക്ക് പരിഗണിക്കുന്നത്.




