തിരുവനന്തപുരം: വർക്കലയിൽ മദ്യപാനി ട്രെയിനിൽ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. നവംബർ രണ്ടിന് നടന്ന അപകടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്.
അടിയന്തര ആരോഗ്യപരിചരണ സംവിധാനങ്ങളുള്ള ആംബുലൻസിലാണ് ശ്രീക്കുട്ടിയെ കൊണ്ടു പോയത്. കൊച്ചി അമൃത ആശുപത്രിയിലാവും ഇനി യുവതിയുടെ ചികിത്സ. ഇപ്പോഴും ട്യൂബ് വഴിയാണ് യുവതിക്ക് ഭക്ഷണം നൽകുന്നത്. ബന്ധുക്കളെ തിരിച്ചറിയാൻ യുവതിക്ക് സാധിക്കുന്നുണ്ടെങ്കിലും ശരീരം അനക്കാനോ എന്തെങ്കിലും സംസാരിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. തലച്ചോറിനേറ്റ ചതവാണ് യുവതിയുടെ ആരോഗ്യനില ഇത്രയും വഷളാവാൻ കാരണം. നട്ടെല്ലിനും കാര്യമായ പരിക്കുണ്ട്.
ഈ സാഹചര്യത്തിലാണ് യുവതിയുടെ അമ്മയുടേയും ഭർത്താവിൻ്റേയും ആവശ്യപ്രകാരം തുടർചികിത്സ കൊച്ചിയിലേക്ക് മാറ്റിയത്. ഇതിനായി നേരത്തെ തന്നെ യുവതിയുടെ ബന്ധുക്കൾ കൊച്ചി അമൃത ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടിരുന്നു. തുടർന്നാണ് ആശുപത്രി അധികൃതരുമായി സംസാരിച്ച് കൊച്ചിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. സർക്കാരാണ് യുവതിയുടെ ചികിത്സാ ചെലവുകൾ വഹിക്കുന്നത്.
അതേസമയം കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാനഘട്ട നടപടികളിലാണ് പൊലീസ്. കേരള എക്സ്പ്രസിലെ യാത്രയ്ക്കിടെയാണ് ശ്രീക്കുട്ടി എന്ന സോനയെ സഹയാത്രികൻ ട്രെയിനിൽ നിന്നും ചവിട്ടി തള്ളിയിട്ടത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക്കുതര്‍ക്കത്തിന്‍റെ പേരിലായിരുന്നു അക്രമം. വാക്ക് തർക്കമുണ്ടായതിന് പിന്നാലെയാണ് യുവതിയെ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ തള്ളിയിട്ടത്. കേസിൽ ഇയാൾ മാത്രമാണ് പ്രതി. ശ്രീക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായ പെണ്കുട്ടിയും ഈ കുട്ടിയെ സുരേഷ് ആക്രമിക്കുന്നത് തടഞ്ഞ അന്യസംസ്ഥാന തൊഴിലാളിയുമാണ് കേസിലെ മുഖ്യസാക്ഷികൾ.




